
ജി7 ഉച്ചകോടിക്ക് ശേഷം വൈറലാവുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലണിയും ചേർന്നുള്ള സെൽഫി വീഡിയോ. 'ഹലോ ഫ്രം മെലഡി ടീം' എന്ന് പറഞ്ഞുകൊണ്ട് രണ്ടുപേരും ക്യാമറ നോക്കി കൈവീശി കാണിക്കുകയാണ് വീഡിയോയിൽ. ഉച്ചകോടിയുടെ സമാപനദിനമായ വെള്ളിയാഴ്‌ച എടുത്ത വീഡിയോ മെലണി എക്‌സിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
പിന്നീട്, ഇന്ത്യയുടെയും ഇറ്റലിയുടെയും സൗഹൃദം നീണാൾ വാഴട്ടെ എന്ന് പറഞ്ഞ് രണ്ട് പേരും ചേർന്നുള്ള ഫോട്ടോ മോദിയും എക്സിൽ പോസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളും മെലഡി സെൽഫി ഏറ്റെടുത്തു കഴിഞ്ഞു. പങ്കുവെച്ച വീഡിയോയുടെ വ്യൂസ് 30 മില്യൺ പിന്നിട്ടു. ബിജെപി ഐടി സെല്ലും വലിയ പ്രചാരമാണ് ചിത്രങ്ങൾക്ക് നൽകുന്നത്. വെള്ളിയാഴ്ച ജി7 ഉച്ചകോടിക്കിടെ മോദിയും മെലണിയും ഉഭയകക്ഷി ചർച്ച നടത്തി. സുരക്ഷയും പ്രതിരോധ സഹകരണവുമായിരുന്നു വിഷയങ്ങൾ.
കഴിഞ്ഞ വർഷം ഡൽഹിയിൽ വെച്ച് നടന്ന ജി20 ഉച്ചകോടിയിലും, 2023ൽ ദുബായിൽ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിലും മോദിയും മെലണിയും ചേർന്നുള്ള ഫോട്ടോ വൈറലായിരുന്നു. കാലാവസ്ഥ ഉച്ചകോടിയിലെ ഏറ്റവും നല്ല സുഹൃത്തുക്കളെന്നും, മെലഡി എന്ന ഹാഷ്ടാഗും കുറിച്ചാണ് അന്ന് മെലണി ഫോട്ടോ പോസ്റ്റ് ചെയ്തത്.