സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന പരാതി; സിമി റോസ്ബെല്‍ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു
സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന പരാതി; സിമി റോസ്ബെല്‍ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Published on

സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിമി റോസ്ബെല്‍ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് സിമി റോസ്ബെല്‍ ജോണിനെ  പുറത്താക്കിയത്.   മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമാണ് സിമി റോസ് ബെല്‍ ജോൺ. പരാതി ഉയർന്നതിനെ തുടർന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്   കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്ത്.


സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ നേതാക്കൾ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി നല്‍കിയിരുന്നു. കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ ,പി കെ ജയലക്ഷ്മി ,ദീപ്തി മേരി വർഗീസ് ,ആലിപ്പറ്റ ജമീല, കെ എ തുളസി ,ജെബി മേത്തർ എം പി എന്നിവരാണ് പരാതിയുമായി എഐസിസി കെപിസിസി നേതൃത്വത്തെ സമീപിച്ചത്.


ചുരുങ്ങിയ കാലം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാര്‍ട്ടിയോട് കാണിച്ച സിമിറോസ് ബെല്‍ ജോണിനെ അടിയന്തരമായി കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com