
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം പാർട്ടി നീക്കിയ ഇ.പി ജയരാജൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചേക്കുെമന്ന സൂചന നേരത്തെ നൽകിയിരുന്നു. കൺവീനർ സ്ഥാനത്തോട് പൂർണമായി നീതി പുലർത്താനായോ എന്ന് തനിക്ക് തന്നെ സംശയമുണ്ടെന്ന് ഏഴ് മാസം മുൻപ് നൽകിയ അഭിമുഖത്തിൽ ഇ.പി ജയരാജൻ പറയുന്നുണ്ട്.
മാനസികമായി തളർന്ന അവസ്ഥയിലാണ്. ഇനി ഒരു സംരംഭത്തിന് വേണ്ടിയും പോകില്ല, കിട്ടുന്ന പെൻഷനും വാങ്ങി ജീവിച്ചാൽ പോരെ എന്ന ചിന്തയിലാണ്. താൻ നടത്തുന്ന വികസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാതെ, ചിലർ അസൂയയോടെ നോക്കിക്കാണുന്നു. ആരോഗ്യം പോലും മാനിക്കാതെ പൊതുപ്രവർത്തനത്തിൽ സജീവമാകണം എന്ന ചിന്തയെ ഇത് ദുർബലപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇതെല്ലാം അവസാനിപ്പിക്കണമെന്ന് തോന്നുന്നു, സമൂഹവുമായി ബന്ധമില്ലെങ്കിൽ ആക്ഷേപവുമില്ലെന്നും ഇ.പി ജയരാജൻ പറയുന്നുണ്ട്. കണ്ണൂർ വിഷൻ എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ.പി ഇത് പറയുന്നത്.
തനിക്കെതിരെ പാർട്ടിയിൽ ചർച്ച വന്നതിന് പിന്നിലെ ഒരുപാട് കാര്യങ്ങൾ അറിയാം, പാർട്ടിക്ക് ദോഷകരമാകുമെന്നതിനാൽ ഒന്നും ഇപ്പോൾ പറയുന്നില്ല. ഞാൻ ഉപയോഗിക്കുന്ന ഓരോ വാക്കുകളും എൻ്റെ പാർട്ടിക്ക് ഗുണമുണ്ടാകണമെന്നാണ് ചിന്തയെന്നും ഇ.പി പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രി ആയിരിക്കെ ബന്ധുനിയമന വിവാദവും, ബിജെപി ബന്ധം ആരോപിക്കപ്പെട്ടതുമെല്ലാം ഇ.പി. ജയരാജന് തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് എല്ലാം നടക്കട്ടെ എന്ന് മാത്രമാണ് ഇ.പി പ്രതികരിച്ചത്.