മുംബൈയില്‍ ബിഎംഡബ്ല്യുവും ബെൻസും തമ്മിൽ മത്സരയോട്ടം; ടാക്സി ക്യാബിനെ അപകടത്തിലാക്കി, പിന്നീട് സംഭവിച്ചത്...

സീലിങ്ക് റോഡിൽ അനുവദനീയമായ പരമാവധി വേഗത 80 കിലോമീറ്റർ എന്നിരിക്കെയാണ് ആഡംബര വാഹനങ്ങൾ തമ്മിൽ മത്സരയോട്ടം നടത്തിയത്
മുംബൈയില്‍ ബിഎംഡബ്ല്യുവും ബെൻസും തമ്മിൽ മത്സരയോട്ടം; ടാക്സി ക്യാബിനെ അപകടത്തിലാക്കി, പിന്നീട് സംഭവിച്ചത്...
Published on
Updated on

മുംബൈയിലെ ബാന്ദ്ര വർലി സീ ലിങ്ക് പാലത്തിൽ ആഡംബര കാറുകൾ തമ്മിൽ മത്സരയോട്ടം. ബിഎംഡബ്ല്യു കാറും മെർസിഡീസ് ബെൻസ് കാറും തമ്മില്‍ മത്സരയോട്ടം. ഇത് ചെന്നവസാനിച്ചത് ഇരുവരും ചേര്‍ന്ന് ഒരു ടാക്സി ക്യാബിന്‍റെ പിറകില്‍ ചെന്ന് ഇടിച്ചതോടെയാണ്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം അഞ്ച് യാത്രക്കാരാണ് ടാക്സി കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. മൂന്ന് കാറുകളും തകർന്ന നിലയിലാണുള്ളത്. ആരുടെയും നില അതീവഗുരുതരമല്ല.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ രാജ്യത്തെ അഞ്ചാമത്തെ വലുപ്പമേറിയ പാലമായ സീ ലിങ്ക് പാലത്തിൽ ഏറെ നേരത്തേക്ക് ഗതാഗത തടസമുണ്ടായി. സീലിങ്ക് റോഡിൽ അനുവദനീയമായ പരമാവധി വേഗത 80 കിലോമീറ്റർ എന്നിരിക്കെയാണ് ആഡംബര വാഹനങ്ങൾ തമ്മിൽ മത്സരയോട്ടം നടത്തിയത്. സുഹൃത്തുക്കളായ ഇരുവരും കാപ്പി കുടിക്കാൻ ബാന്ദ്രയിലേക്ക് പോവുന്നതിനിടെയാണ് റേസിംഗ് നടത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈ സ്വദേശിയായ ഷെഹബാസ് ഖാൻ ബിഎംഡബ്ല്യുയുവും കുർള സ്വദേശിയായ താരീഖ് ചൌധരി ബെൻസ് കാറുമാണ് ഓടിച്ചിരുന്നത്. മനപൂർവ്വമുള്ള നരഹത്യാ ശ്രമത്തിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് അറസ്റ്റ്. ടാക്സി ഉടമയായ നിസാർ അഹമ്മദിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒരു മണിക്കൂറിലേറെ നേരമാണ് തിരക്കേറിയ പാലത്തിൽ ഗതാഗത തടസം നേരിട്ടത്.

News Malayalam 24x7
newsmalayalam.com