ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പെനാൽറ്റി പാഴാക്കി മെസ്സിയും; സെമിയിലേക്ക് കുതിച്ച് അർജന്റീന

യൂറോ കപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയതിന് ദിവസങ്ങൾക്കിപ്പുറമാണ് അർജന്റൈൻ ഇതിഹാസവും നിർണായകമായ പെനാൽറ്റി പാഴാക്കിയത്. ആദ്യ കിക്കെടുത്ത അർജന്റീനൻ നായകന് പിഴച്ചു
സെമി ഫൈനൽ പ്രവേശനം ആഘോഷിക്കുന്ന ലയണൽ മെസ്സിയും കൂട്ടരും
സെമി ഫൈനൽ പ്രവേശനം ആഘോഷിക്കുന്ന ലയണൽ മെസ്സിയും കൂട്ടരും
Published on

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇക്വഡോറിനെ തോൽപ്പിച്ച് ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീന സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ആവേശകരമായ ഷൂട്ടൗട്ടിൽ 4-2നായിരുന്നു നീലപ്പടയുടെ ജയം.

അതേസമയം, ഇതിഹാസ താരം ലയണൽ മെസ്സി പെനാൽറ്റി പാഴാക്കുന്ന കാഴ്ചയ്ക്കാണ് ഹൗസ്റ്റണിലെ എൻആർജി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. യൂറോ കപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയതിന് ദിവസങ്ങൾക്കിപ്പുറമാണ് അർജന്റൈൻ ഇതിഹാസവും നിർണായകമായ പെനാൽറ്റി പാഴാക്കിയത്. ആദ്യ കിക്കെടുത്ത അർജന്റീനൻ നായകന് പിഴച്ചു. എന്നാൽ, അതിന് ശേഷം ലോക ജേതാക്കളായ അർജന്റീനൻ നിര പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണ് ഷൂട്ടൗട്ടിൽ പുറത്തെടുത്തത്.

തോറ്റെങ്കിലും മത്സരത്തിലുടനീളം ലോക ചാമ്പ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമികവാണ് ഇക്വഡോർ പുറത്തെടുത്തത്. ആക്രമണത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അർജന്റീനയേക്കാൾ ഒരുപടി മുന്നിൽ എതിരാളികളായിരുന്നു. "ഒരുപാട് ദേഷ്യം തോന്നുന്നു, ഒരുപാട്. പന്തിൽ ചെറുതായി തൊടാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ കിക്ക് ഉയർന്നു പോയി" മത്സര ശേഷം മെസ്സി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന നായകൻ ഇന്നത്തെ മത്സരത്തിൽ മികവ് കാട്ടിയെങ്കിലും ഗോൾ പട്ടികയിൽ ഇടം കണ്ടെത്താനായില്ല. വെള്ളിയാഴ്ച നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന, വെനസ്വേന-കാനഡ മത്സരത്തിലെ വിജയികളെ നേരിടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com