ബ്രസീലിനെതിരെ കളിക്കില്ല; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ നിന്ന് മെസ്സി പുറത്ത്

പൂർണമായ ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് മെസ്സിയെ ഒഴിവാക്കി 26 അംഗ സ്ക്വാഡിനെ അർജന്റീന പ്രഖ്യാപിച്ചത്
ബ്രസീലിനെതിരെ കളിക്കില്ല; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ നിന്ന് മെസ്സി പുറത്ത്
Published on


ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ലയോണല്‍ മെസ്സി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങുക. അമേരിക്കയിൽ മേജര്‍ ലീഗ് സോക്കറില്‍ വെച്ച് മെസ്സിക്ക് പരിക്കേറ്റതാണ് താരത്തിന് വിനയായത്. യുറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെയാണ് കോച്ച് സ്‌കലോണി പ്രഖ്യാപിച്ചത്. പൂർണ ഫിറ്റ്നസ് ഇല്ലാത്തതനിലാണ് മെസ്സിയെ ഒഴിവാക്കി 26 അം​ഗ സ്ക്വാഡിനെ അർജന്റീന പ്രഖ്യാപിച്ചത്.


വിശ്രമത്തിനായാണ് മെസ്സിയെ ഒഴിവാക്കുന്നത്. താരത്തിനേറ്റ മസിൽ പരിക്ക് ഇതുവരെയും പൂർണമായും ഭേദമായിട്ടില്ല. ഞായറാഴ്ചയായിരുന്നു അറ്റ്ലാന്റ യുനൈറ്റഡിനെതിരായ മത്സരം നടന്നത്. മത്സരത്തിൽ മെസ്സി ഗോൾ നേടുകയും മയാമി വിജയിക്കുകയും ചെയ്തിരുന്നു. മാർച്ച് 22ന് യുറുഗ്വേക്കെതിരെയും 26ന് ബ്രസീലിനെതിരെയുമാണ് അർജൻ്റീനയുടെ നിർണായക മത്സരങ്ങൾ.

അതേസമയം, കളിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് ലയണൽ മെസ്സി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. "അർജന്റീനയ്ക്കൊപ്പം കളിക്കാൻ തീർച്ചയായും ആ​ഗ്രഹമുണ്ട്. എന്നാൽ പരിക്ക് കാരണം എനിക്ക് കുറച്ച് വിശ്രമം വേണ്ടി വന്നു. അതുകൊണ്ട് എനിക്ക് കളിക്കാൻ കഴിയില്ല. ഏതൊരു ആരാധകനെയും പോലെ ഞാൻ അർജന്റീന ടീമിന് പിന്തുണ നൽകും. അർജന്റീനയ്ക്കൊപ്പം മുന്നേറാം," ലയണൽ മെസി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com