"മെസി വരുന്ന തീയതി ഉടന്‍ അറിയിക്കും"; ആശങ്കയില്ലെന്ന് ആവർത്തിച്ച് കായിക മന്ത്രി

സർക്കാരും ടീം മാനേജ്മെൻറും സംയുക്തമായി വാർത്താസമ്മേളനം നടത്തി തീയതി അറിയിക്കുമെന്ന് കായിക മന്ത്രി വ്യക്തമാക്കി
"മെസി വരുന്ന തീയതി ഉടന്‍ അറിയിക്കും"; ആശങ്കയില്ലെന്ന് ആവർത്തിച്ച് കായിക മന്ത്രി
Published on

കേരളത്തിലേക്ക് മെസി വരുന്നതിൽ ആശങ്കയില്ലെന്ന് ആവർത്തിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. അർജന്റീന ഫുട്ബോൾ ടീം മാനേജ്മെന്റുമായി സംസാരിച്ചു. സർക്കാരും ടീം മാനേജ്മെന്റും സംയുക്തമായി വാർത്താസമ്മേളനം നടത്തി തീയതി അറിയിക്കും. അടുത്ത ആഴ്ചയ്ക്ക് ശേഷം തീയതി പ്രഖ്യാപിക്കുമെന്നും കായിക മന്ത്രി വ്യക്തമാക്കി.



കരാർ പ്രകാരമുള്ള പണം കൈമാറാൻ സ്പോൺസർ തയ്യാറാണെന്നും ഉടന്‍ തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. അർജന്‍റീന ടീം കേരളത്തിലേക്ക് എത്തുന്നതില്‍ പ്രതിസന്ധികളുണ്ടെന്ന തരത്തില്‍ വാർത്തകള്‍ വന്നപ്പോഴും ആശങ്കകള്‍ ഇല്ലെന്നാണ് കായിക മന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡും, എറണാകുളത്തെ കലൂർ സ്റ്റേഡിയവും മത്സരത്തിനായി ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയങ്ങളായതിനാൽ മത്സരം നടക്കുന്ന ഇടം സംബന്ധിച്ചും ആശങ്കയില്ലെന്നാണ് മന്ത്രി പറഞ്ഞത്.

നിശ്ചയിച്ച സമയത്ത് കളി നടക്കുമെന്നാണ് സ്പോൺസർ സർക്കാരിനെ അറിയിച്ചതെന്നും മത്സരം അതിനനുസരിച്ച് നടക്കുമെന്നും വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. പണം അടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി കിട്ടിയിട്ടുണ്ട്. സ്പോണ്‍സർമാർ ഉടന്‍ തന്നെ പണം അടയ്ക്കുമെന്നും എല്ലാ കാര്യത്തിലും വ്യക്തതയുണ്ടാകുമെന്നും സ്പോർട്സും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്നുമാണ് കായിക മന്ത്രി കഴിഞ്ഞ ആഴ്ച അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com