രഹസ്യവിവരങ്ങൾ ചോ‍ർത്തി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

ജീവനക്കാരോട് ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ വിവരങ്ങൾ ചോർത്തുന്നത് പോളിസിക്ക് എതിരാണെന്ന് അറിയിച്ചിരുന്നുവെന്ന് മെറ്റ വക്താവ് അറിയിച്ചു
രഹസ്യവിവരങ്ങൾ ചോ‍ർത്തി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ
Published on

രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെ 20 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ജീവനക്കാരോട് ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ വിവരങ്ങൾ ചോർത്തുന്നത് പോളിസിക്ക് എതിരാണെന്ന് അറിയിച്ചിരുന്നുവെന്ന് മെറ്റ വക്താവ് ഡേവ് അർണോൾഡ് വാർത്ത ശരിവെച്ച് വ്യക്തമാക്കി.

അടുത്തിടെ കമ്പനി നടത്തിയ അന്വേഷണത്തിൽ 20ഓളം ജീവനക്കാർ രഹസ്യവിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. അതിനെ തുടർന്ന് ആ ജീവനക്കാരെ പിരിച്ചുവിട്ടു. ഇനിയും ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. ഞങ്ങൾ ഇത് ഗൗരവമായി തന്നെ എടുക്കുന്നു. ഇനിയും രഹസ്യവിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മെറ്റ അറിയിച്ചു.

ജീവനക്കാരുമായുള്ള സിഇഒ മാർക്ക് സക്കർബർഗിൻ്റെ കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള സമീപകാല റിപ്പോർട്ടുകളുടെ തുടർച്ചയായാണ് കൂട്ട പിരിച്ചുവിടൽ നടന്നത്. അടുത്തിടെ നടന്ന മെറ്റ ജീവനക്കാരുടെ മീറ്റിങ്ങിൽ മെറ്റ സിടിഒ ആൻഡ്രൂ ബോസ്‌വർത്ത് കമ്പനിയിൽ രഹസ്യവിവരങ്ങൾ ചോരുന്നതിനെ കുറിച്ച് സംസാരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം, മെറ്റയിലെ ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടികളാണ് അടുത്തിടെ കമ്പനി സ്വീകരിച്ചുവരുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. അടുത്തിടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിനെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ മെറ്റ തീരുമാനിച്ചിരുന്നു. ഏറ്റവും മികച്ച ജീവനക്കാരാണെന്ന് ഉറപ്പു വരുത്താന്‍ പ്രകടന മികവിന്റെ അടിസ്ഥാനത്തിലുള്ള വെട്ടിക്കുറച്ചിലാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച മെമ്മോയും ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ കണ്‍സര്‍വേറ്റീവ് ആശയങ്ങളോട് സക്കര്‍ബര്‍ഗ് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com