ഇനിയും മരിക്കാത്ത ജാക്സണ്‍

പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്സണ്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 15 വർഷം
ഇനിയും മരിക്കാത്ത ജാക്സണ്‍
Published on

മൈക്കിള്‍ ജാക്സണ്‍, ക്രിസ്തു കഴിഞ്ഞാൽ ലോകം കണ്ട ഏറ്റവും പ്രശസ്തനായ വ്യക്തിയെന്ന വിശേഷണം തന്‍റെ ജീവിതത്തിനൊപ്പം ചേര്‍ത്ത മനുഷ്യന്‍. പോപ്പ് സംഗീതത്തിന്‍റെ മിടിപ്പുകള്‍ ഇങ്ങ് ഈ കേരളം വരെ എത്തിച്ച ജാക്സൺ കൗമാരക്കാരുടെ ചെവികളില്‍ ഉച്ചത്തില്‍ പാടി - ബീറ്റ് ഇറ്റ്!

പോപ് സംഗീത ഇതിഹാസമായ ജാക്സണ്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 15 വർഷം തികയുന്നു. 2009 ജൂണ്‍ 25 ഞായറാഴ്ച മൈക്കൽ ജാക്സൻ വിടപറഞ്ഞു. അപ്പോഴും ആരാധകരുടെ ഹൃദയങ്ങളിൽ ദ്രുത സംഗീതത്തിൻ്റെ മിടിപ്പ് ഉതിർത്ത് ഇപ്പോഴും ജാക്സൺ ജീവിക്കുന്നു. ജാക്സൺ മരിച്ചു എന്ന് സമ്മതിക്കാതെ അവര്‍ ഇന്‍റർനെറ്റിന്‍റെ ആഴങ്ങളില്‍ അയാള്‍ക്കായി തിരച്ചിലുകള്‍ നടത്തി. പലപ്പോഴും ജാക്സണെ കണ്ടുവെന്നും സംസാരിച്ചുവെന്നും വാദിച്ചു.

പാട്ട് മാത്രമായിരുന്നില്ല ജാക്സണ്‍. അരങ്ങിലെ അയാളുടെ ചലനങ്ങള്‍ക്ക് വരെ അങ്ങ് കാലിഫോര്‍ണിയ മുതല്‍ കുന്നംകുളം വരെ കോടിക്കണക്കിന് പതിപ്പുകള്‍ വരും.

ഇങ്ങ് ഈ കേരളത്തിലെ ഉത്സവപ്പറമ്പുകള്‍ ഒരു കാലത്ത് ജാക്സണായിരുന്നു തരംഗം. അന്നൊക്കെ ജാക്സണ്‍ അല്ലാതെ മറ്റൊരു ഡാൻസ് ഐക്കണെ നമുക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മൈക്കിൾ ജാക്സനാണെന്നാണ് വിചാരം എന്ന് ഒരു വട്ടമെങ്കിലും നമ്മൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവും. കാരണം ഉടുപ്പിലും നടപ്പിലും മനപ്പൂർവമായ സാദൃശ്യങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിച്ച ഒരുപാട് പേര്‍ നമുക്കിടയിലുണ്ടായിരുന്നു. ആ നൃത്ത ചുവടുകൾ ഇപ്പോഴും ലോകം അനുകരിക്കുന്നു. ചെന്നു കയറിയ വേദികളെയെല്ലാം ഒരു കാന്തത്തെപ്പോലെ തന്നിലേക്ക് ആവാഹിച്ച മജീഷ്യൻ. ഏത് കലാകാരനെയും അസൂയപ്പെടുത്തുന്ന ഒരു അസാമാന്യ കഴിവ് മൈക്കിൾ ജാക്സണിൽ ഉണ്ടായിരുന്നു.

1958 ആഗസ്റ്റ് 29ന് അമേരിക്കയിലെ ഷിക്കാഗോയിൽ ഗാരി എന്ന സ്ഥലത്താണ് ജാക്സന്‍റെ ജനനം. അച്ഛൻ ജോസഫ് വാൾട്ടർ ജാക്സണും അമ്മ കാതറിൻ എസ്തറും സംഗീതത്തോട് താല്പര്യമുള്ളവരായിരുന്നു. മുൻ ബോക്സറും സ്റ്റീൽ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്ററുമായ അച്ഛൻ ജോസഫാണ് ജാക്സണിലെ സംഗീത പ്രതിഭ കാണുന്നത്. കണ്ടു പിടിച്ചു എന്ന് നമുക്ക് പറയാൻ സാധിക്കില്ല. കാരണം ജാക്സന്‍റെ ജീവിതം തന്നെ ആ വാക്കിനെ വെല്ലുവിളിക്കും. ഓരോ പരിപാടികളിലും ഓരോ ആൽബങ്ങളിലും ജാക്സൺ സ്വയം കണ്ടെത്തിക്കൊണ്ടേയിരുന്നു. ജാക്സൺ സഹോദരങ്ങളെ ചേർത്ത് അച്ഛൻ തുടങ്ങിയ ബാൻഡിലൂടെയാണ് മൈക്കലിന്‍റെ തുടക്കം. 1970കളുടെ അവസാനത്തിലാണ് ജാക്സൻ ഒറ്റയ്ക്ക് പാടാൻ തുടങ്ങുന്നത്. അത് പിന്നീട് തരംഗമായി മാറി.

ത്രില്ലർ എന്ന ഒറ്റ ആൽബം എംജെയെന്ന മൈക്കിള്‍ ജ്കാസണെ സംഗീത ലോകത്തിൻ്റെ നെറുകയിലെത്തിച്ചു. 8 ഗ്രാമി അവാർഡുകളാണ് ത്രില്ലറിലൂടെ മൈക്കിൾ ജാക്സണ്‍ നേടിയത്. അന്നത്തെ ജാക്സന്‍റെ ഗ്രാമി നോമിനേഷനുകളുടെ എണ്ണം ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു.

1983ൽ ഒരു വേദിയിൽ ബില്ലി ജീൻ പെർഫോം ചെയ്യുന്ന സമയത്താണ് മൈക്കിൾ തന്‍റെ പ്രസിദ്ധമായ മൂൺവാക്ക് ചെയ്യുന്നത്. പതിവ് പോലെ വൻ ജനാവലി പാട്ടിൽ ലയിച്ചിരിക്കുമ്പോൾ അതാ ആ മനുഷ്യൻ ഗുരുത്വകർഷണത്തെ വെല്ലുവിളിച്ചു കൊണ്ട് ചന്ദ്രനിലെന്ന പോലെ വേദിയിൽ നടക്കുന്നു. തെന്നി തഴുകി ഈ ഭൂമിയിലെ ഒരു ഭാരമോ ബലങ്ങളോ തന്നെ പിടിച്ചു നിർത്തുന്നില്ല എന്ന ലാഘവത്തോടെ. കണ്ടു നിന്ന കാണികള്‍ ഒന്നടങ്കം അമ്പരന്നു.

സമ്പന്നതയുടെ കൊടുമുടിയിൽ എത്തിയ എംജെ കണ്ടതെല്ലാം തൻ്റെതാക്കി. എക്സോട്ടിക്ക് പെറ്റുകളും മൃഗശാലയുമടക്കമുള്ള ബഹുമാളികകൾ കെട്ടിപ്പൊക്കി. അതിനിടയിലാണ് ജാക്സന് വൈറ്റിലിഗോ രോഗം പിടിപെടുന്നത് . പിന്നീട് തന്‍റെ ബാഹ്യസൗന്ദര്യത്തിൽ അസ്വസ്ഥനായ എംജെ നിരവധി നിറവർധന ശസ്ത്രക്രിയകൾക്ക് വിധേയനായി.

1987ൽ ആണ് ബാഡ് എന്ന ആൽബം പുറത്തുവരുന്നത് .അന്നത് 2 കോടിയിൽ പരം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. മൈക്കിൾ ജാക്സന്‍റെയും ലോകത്തിലെ തന്നെയും ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആൽബമായി ബാഡ് ചരിത്രം സൃഷ്ടിച്ചു. ആൽബത്തിലെ സ്മൂത്ത് ക്രിമിനൽ എന്ന സിംഗിളിൽ ജാക്സൺ കാണിച്ച ഒരു ചെരുവ് ലോകത്തെ അമ്പരപ്പിച്ചു. പിന്നീട് ഈ ചരിവിന് ഒരു പേറ്റൻഡ് തന്നെ ജാക്സൺ സ്വന്തമാക്കി. അത് ഫലിപ്പിച്ചെടുത്തത് പ്രത്യേകം തയ്യാറാക്കിയ ഷൂ ഉപയോഗിച്ചാണ്. സ്വന്തമായി ഡിസൈൻ ചെയ്ത ഈ ഷൂവിന് ജാൻസൺ പേറ്റന്‍റും സ്വന്തമാക്കി. ഡേയ്ഞ്ചറസിലൂടെ ജാകസൺ പോപ് ലോകത്തെ കിരീടം വെയ്ക്കാത്ത രാജാവായി നിലയുറപ്പിച്ചു. തനിക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെയും ജാക്സണ്‍ സംഗീതത്തിലൂടെ മറുപടി നൽകി. കറുപ്പോ വെളുപ്പോ, നാം എല്ലാം ഒന്നെന്ന സന്ദേശം എംജെ ലോകത്തോട് വിളിച്ച് പറഞ്ഞു.

പ്രശസ്തികൾക്കൊപ്പം വിവാദങ്ങളും ജാക്സണെ പിന്തുടരുന്നുണ്ടായിരുന്നു. തുടരെ തുടരെയുണ്ടായ ശിശുപീഡനാരോപണങ്ങൾ ജാക്സനെ വലിഞ്ഞുമുറുക്കി. മരണ ശേഷവും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്നു. അന്ന് വരെ ജാക്സൺ നേടിയെടുത്ത പല ബഹുമതികൾക്കും കളങ്കമേൽപ്പിച്ച് വിവാദങ്ങള്‍ ജാക്സണെ വേട്ടയാടി. അന്ന് പൊലീസ് കസ്റ്റഡിയില്‍ താൻ നേരിട്ട ചോദ്യങ്ങൾക്ക് മറുപടിയായി ജാക്സൺ ദെ ഡോണ്ട് കെയർ അബൗട്ട് അസ് എന്ന സിംഗിൾ പുറത്തുവിട്ടു. താൻ നേരിട്ട യാതനകളാണ് സംഗീത രൂപത്തിൽ ജാക്സൺ പ്രകടിപ്പിച്ചത്. ജീവിതയാത്രകളിലെ യാതനകളാണ് സംഗീതത്തിന് പ്രമേയമായി ജാക്സൺ തെരഞ്ഞെടുത്തത്.

ഹൃദയാഘാതത്തെ തുടർന്ന് 2009ല്‍ ജാക്സൺ ലോകത്തോട് വിടപറഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ സംഗീത ഇതിഹാസം എന്ന് വാഴ്ത്തുന്ന ജാക്സണ് ഇപ്പോഴും ഒരു പകരക്കാരനില്ല. ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ മൈക്കിൾ ജാക്സണെ രേഖപ്പെടുത്തിയിരിക്കുന്നത് ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്. കലയ്ക്ക് മാത്രമല്ല കലാകാരനും മരണമില്ലെന്ന് എംജെ നമ്മോട് പറയുന്നു. 15 വർഷമോ പതിനായിരം വർഷങ്ങളോ കഴിയട്ടേ അയാൾ ആരാധകര്‍ക്ക് രാജാവ് തന്നെയാണ്. മൈക്കിള്‍ ജാക്സണ്‍ മരിച്ചുവെന്ന് പറയുന്നത് ഒരു നുണയാണെന്ന് അവര്‍ പറഞ്ഞു കൊണ്ടേയിരിക്കും. ഇപ്പോഴും ഒരു ഞെട്ടിക്കല്‍ ഡാന്‍സ് സ്റ്റെപ് ആരെങ്കിലും കാണിച്ചാല്‍ സദസ്സില്‍ നിന്നും ആ കമന്‍റ് വരും- "നീ ആരാ മെക്കിള്‍ ജാക്സണാ?"

Related Stories

No stories found.
News Malayalam 24x7
newsmalayalam.com