

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്താൻ വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകി.നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടി കാട്ടി ചേർത്തല മാരാരിക്കുളം സ്വദേശി എം എസ് അനിൽ നൽകിയ ഹർജിയെത്തുടർന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
മൈക്രോ ഫിനാൻസ് നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവർക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംസ്ഥാനത്താകെ നടന്നതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ ആവശ്യം.
അതോടൊപ്പം, മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 11 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 2019ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് കേസ് കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടൽ നടത്തി, അന്വേഷണ റിപ്പോർട്ട് ഒരുമാസത്തിനുള്ളിൽ സമർപ്പിക്കാൻ നിർദേശം നൽകിയത്.