ലാഭം കുതിച്ചുയരുന്നതിനിടയിലും കൂട്ടപ്പിരിച്ചുവിടല്‍; 6000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

2023 ന് ശേഷം മൈക്രോസോഫ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്
ലാഭം കുതിച്ചുയരുന്നതിനിടയിലും കൂട്ടപ്പിരിച്ചുവിടല്‍; 6000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്
Published on

ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്. ആഗോളതലത്തില്‍ ആറായിരം ജീവനക്കാരെയെങ്കിലും പിരിച്ചുവിടുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്നതില്‍ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിടുന്നത് മൈക്രോസോഫ്റ്റ് ആസ്ഥാനമായ വാഷിങ്ടണില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഷിങ്ടണിലെ 1985 ജീവനക്കാരെയെങ്കിലും പുതിയ നടപടി ബാധിക്കും. വാഷിങ്ടണില്‍ അറിയിപ്പ് ലഭിച്ച ജീവനക്കാരില്‍ ഭൂരിഭാഗവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്, പ്രൊഡക്ട് മാനേജ്‌മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ്.

ആകെ ജീവനക്കാരുടെ 3 ശതമാനം പേരെയാണ് ഇപ്പോള്‍ കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നത്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നത്. 2023 ന് ശേഷം മൈക്രോസോഫ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. 2023 പതിനായിരത്തോളം ജീവനക്കാരെയാണ് സ്ഥാപനം പിരിച്ചുവിട്ടത്.

മൈക്രോസോഫ്റ്റിന്റെ എല്ലാ സേവനങ്ങളിലും AI സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി എന്നാണ് സൂചന. ചലനാത്മകമായ മാര്‍ക്കറ്റ് സാഹചര്യത്തില്‍ കമ്പനിയെ വിജയിപ്പിക്കുന്നതിന് ആവശ്യമായ സംഘടനാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നാണ് മൈക്രോസോഫ്റ്റ് വക്താവ് ഇ മെയിലിലൂടെ അറിയിച്ചത്.

വന്‍ ലാഭം നേടിയതിനു പിന്നാലെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകളെ കവിയുന്ന വില്‍പ്പനയും ലാഭവും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. 70.1 ബില്യണ്‍ ഡോളര്‍ വരുമാനവും 25.8 ബില്യണ്‍ ഡോളര്‍ അറ്റാദായവുമാണ് ടെക് ഭീമന്‍ പ്രഖ്യാപിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com