
മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പ്രവർത്തനം നിലച്ചത് രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. പലയിടങ്ങളിലും പേന കൊണ്ടെഴുതിയാണ് ബോർഡിങ് പാസ് യാത്രക്കാർക്ക് നൽകിയത്. യു.എസ് ആസ്ഥാനമായുള്ള നോഷൻ എച്ച്ക്യു കമ്പനിയുടെ സഹസ്ഥാപകരായ അക്ഷയ് കോത്താരി എന്ന യാത്രക്കാരനാണ് ഇത്തരത്തിൽ പേന കൊണ്ടെഴുതിയ ബോർഡിങ് പാസിന്റെ ചിത്രം എക്സിൽ പങ്കുവെച്ചത്.
തിരുവന്തപുരത്തു നിന്നും ബെംഗളൂരു, ചെന്നൈ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള നാല് ഇൻഡിഗോ വിമാനങ്ങളാണ് മൈക്രോസോഫ്റ്റ് പണി മുടക്കിനെ തുടർന്ന് റദ്ദാക്കിയത്. ഇൻഡിഗോയ്ക്ക് 192 സർവീസുകൾ നടത്താനായില്ല. അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ അറിയിച്ചു. ഐടി മന്ത്രാലയം മൈക്രോസോഫ്റ്റുമായി ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സൈബർ സെക്യൂരിറ്റി പ്രശ്നം പരിഹരിച്ചുവരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
അതേസമയം, മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പ്രവർത്തനത്തകരാർ ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്നും സർവീസ് നടത്തുന്ന 90 ശതമാനം വിമാനങ്ങളെയും ബാധിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ടെർമിനൽ 1, 2 എന്നിവിടങ്ങളിൽ നിന്നുള്ള 26 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയിൽ മിക്കതും ഇൻഡിഗോ വിമാനങ്ങളാണ്.
മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പ്രവർത്തനം നിലച്ചത് മുതൽ എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ് ജെറ്റ്, ആകാശ തുടങ്ങിയ എയർലൈനുകൾ ബെംഗളൂരു വിമാനത്താവളത്തിൽ കൈയെഴുത്ത് ബോർഡിംഗ് പാസുകൾ യാത്രക്കാർക്ക് നൽകി.