
ഗ്ലോബൽ പബ്ലിക്ക് സ്കൂളിൽ വിദ്യാർഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവം സർക്കാർ ഗൗരവമായി കാണുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരിക്കുന്നതിന് മുൻപ് ക്രൂരമായ റാഗിങ് നടന്നതായും സ്കൂൾ അധികൃതർ ഇത് മറച്ചുവയ്ക്കാനായി ശ്രമിച്ചതായും മാതാപിതാക്കൾ പരാതി നൽകിയതായി മന്ത്രി അറിയിച്ചു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കും. ഗ്ലോബൽ പബ്ലിക്ക് സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള എൻഒസി ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
സ്കൂൾ പ്രവർത്തിക്കാൻ സംസ്ഥാനത്തിൻ്റെ എൻഒസി വേണമെന്ന് ഉത്തരവുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ എൻഒസി വാങ്ങേണ്ട സ്ഥാപനങ്ങൾ എൻഒസി വാങ്ങണം. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെങ്കിലും സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ എൻഒസി ആവശ്യമാണ്. മിഹിറിന്റെ മാതാവിനെ കൂടാതെ മറ്റു വിദ്യാർഥികളുടെ മാതാപിതാക്കളും സ്കൂളിനെതിരെ പരാതി നൽകിയിട്ടുണ്ട്. മിഹിർ അഹമ്മദ് മിടുക്കനായ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ ക്ലാസ് ടീച്ചർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയം ഗൗരവമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്നും വി. ശിവൻകുട്ടി അറിയിച്ചു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് എൻട്രൻസും ഇൻ്റർവ്യുവും നടത്തുന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഒരു തരത്തിലുള്ള ബാലപീഠനമാണ്. ഒന്ന് മുതൽ എട്ട് വരെയുള്ള (ആറ് വയസ്സു മുതൽ 16 വയസ്സു വരെ) സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നിയമപരമായി തന്നെ അംഗീകരിച്ച നാടാണ് നമ്മുടേതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്ലസ് വണ്‍ അഡ്മിഷൻ നടത്തുന്നതായും മന്ത്രി അറിയിച്ചു. സ്വകാര്യ എഞ്ചിനീയറിങ്, മെഡിക്കൽ, മറ്റു പ്രൊഫഷണൽ കോളേജുകളിലും ഫീസ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടവും അനുവദിക്കുകയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന,കേന്ദ്ര സർക്കാരുകളുടെ നിർദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുന്നതാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഒരുക്കുന്നതാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പകുതി വില തട്ടിപ്പ് കേസ്
സിഎസ്ആർ ഫണ്ട് - പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പരിപാടികളിൽ വച്ച് കണ്ട പരിചയമാണുള്ളത്. ആനന്ദ കുമാർ ക്ഷണിച്ച പ്രകാരമാണ് പരിപാടികൾക്ക് പോയത് പ്രസ് ക്ലബ് പരിപാടി നിങ്ങൾ തീരുമാനിച്ചതല്ലെയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. നജീബ് കാന്തപുരത്തിന്റെ മുദ്രയുടെ പരിപാടിയും താനാണ് ഉദ്ഘാടനം ചെയ്തതെന്ന് പറഞ്ഞ മന്ത്രി നമുക്ക് ഈ തിരികൊളുത്തൽ ആണല്ലോ പ്രധാന പരിപാടിയെന്നും തമാശരൂപേണ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)