
വൈറ്റ് ഹൗസില്‍ നിന്ന് നിർണായക യുദ്ധപദ്ധതികള്‍ ചോർന്നതിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്. ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്ത സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവർത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയതിൽ ഉത്തരവാദി താനെന്ന് മൈക്ക് വാൾട്സ് വ്യക്തമാക്കി.
മെസേജിങ്ങ് ആപ്പായ സിഗ്നലിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്,യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയെന്ന് 'ദി അറ്റ്ലാന്‍റിക്' എഡിറ്റർ ജെഫ്രി ഗോള്‍ഡ്ബർഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അശ്രദ്ധമായി ഉള്‍പ്പെടുത്തിയത് ശ്രദ്ധിക്കാതെ യെമനിലെ ഹൂതികള്‍ക്കെതിരായ ആക്രമണ സമയം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഈ ഗ്രൂപ്പിലൂടെ ഉദ്യോഗസ്ഥർ പങ്കുവെച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്ത സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവർത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിനയായത്. റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങൾ ആധികാരികമാണെന്ന് കരുതുന്നതായും അബദ്ധവശാൽ ഒരു ജേണലിസ്റ്റിനെ എങ്ങനെ ചാറ്റിൽ ചേർത്തുവെന്നും ഞങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഈ വിഷയത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ പ്രതികരണം. തന്റെ ദേശീയ സുരക്ഷാ സംഘത്തിൽ പരമാവധി ആത്മവിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.