
സ്‌ട്രേഞ്ചര്‍ തിംഗ്‌സ് എന്ന സീരീസിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മിലി ബോബി ബ്രൗണ്‍. തന്റെ 10-ാം വയസ് തൊട്ട് അഭിനയം ആരംഭിച്ച താരം നിലവില്‍ ഹോളിവുഡിലെ തിരക്കുള്ള നടിമാരിലൊരാളാണ്. 21 വയസുള്ള താരം അടുത്തിടെയാണ് വിവാഹിതയായത്. ഇപ്പോഴിതാ മിലി മാധ്യമങ്ങള്‍ തന്റെ ശരീരത്തെയും ചോയിസുകളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തുന്ന ബോഡിഷെയിമിംഗില്‍ അവര്‍ പ്രതികരിച്ചത്.
'എന്നേക്കാള്‍ വലുതാണെന്ന് ഞാന്‍ കരുതുന്ന ഒരു കാര്യം സംസാരിക്കാനാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. പബ്ലിക് സ്‌ക്രൂട്ടിനിക്ക് വിധേയരാകുന്ന യുവതികളെയെല്ലാം ബാധിക്കുന്ന ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' , എന്ന് പറഞ്ഞാണ് താരം വീഡിയോ ആരംഭിക്കുന്നത്.
10-ാം വയസിലാണ് താന്‍ അഭിനയം തുടങ്ങിയതെന്നും ലോകത്തിന് മുന്നില്‍ വളര്‍ന്നതിനെ കുറിച്ചും മിലി സംസാരിച്ചു.'എന്തോ കാരണത്താല്‍ ആളുകള്‍ക്ക് എന്നോടൊപ്പം വളരാന്‍ സാധിക്കുന്നില്ല. പകരം എന്റെ പ്രായം ഒരേപോലെ നില്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്' , തന്റെ മാറിക്കൊണ്ടിരിക്കുന്ന രൂപത്തിനാല്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് മിലി പറഞ്ഞു.
വിവിധ മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളുടെ തലക്കെട്ടുകള്‍ പരാമര്‍ശിച്ചുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇത് മാധ്യമപ്രവര്‍ത്തനമല്ല, ബുളീയിംഗാണ്. മുതിര്‍ന്ന എഴുത്തുകാര്‍ എന്റെ മുഖവും ശരീരവും തിരഞ്ഞെടുപ്പുകളും കീറിമുറിക്കുന്നത് എന്നെ അസ്വസ്ഥമാക്കുന്നു.'
'യുവതികളെ പിന്തുണയ്ക്കുന്നതിനെ കുറിച്ചും അവരെ ഉയര്‍ത്തിക്കാട്ടുന്നതിനെ കുറിച്ചുമാണ് നമ്മള്‍ എപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം സ്ത്രീയായി മാറുന്നത് നിരാശനായ ആളുകള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല' , മിലി പറഞ്ഞു.
തന്‍റെ വളർച്ചയില്‍ മുതിര്‍ന്നവരോട് ക്ഷമ ചോദിക്കാന്‍ തയ്യാറല്ല. സമൂഹത്തിന്റെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി സ്വയം ചുരുങ്ങി ജീവിക്കാന്‍ തയ്യാറല്ലെന്നും മിലി വ്യക്തമാക്കി.