
യുഎസിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഉൽപ്പന്നങ്ങൾ എത്തിക്കാൻ തയ്യാറെടുത്ത് മിൽമ. ഇതിനായി വിവിധ രാജ്യങ്ങളുടെ ബിസിനസ് നെറ്റ്‌വർക്കുകളുമായി ചർച്ചകൾ നടത്തി. 45-ാം വർഷത്തിലേക്ക് കടക്കുന്ന സ്ഥാപനം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുമെന്നും മില്‍മ ചെയര്മാന് കെ.എസ്. മണി അറിയിച്ചു.
യുഎസ് ബിസിനസ് നെറ്റ്‌വർക്കുമായി സഹകരിച്ചാവും മിൽമ ഉൽപ്പന്നങ്ങളുടെ കയറ്റുമതി. ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള എഗ്രിമെന്റ് ഡ്രാഫ്റ്റ് ഇതിനകം അയച്ചിട്ടുണ്ട്. കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളും മിൽമ ഉൽപ്പന്നങ്ങൾ ആവശ്യപ്പെട്ട് മിൽമയെ സമീപിച്ചിട്ടുണ്ട്. കയറ്റുമതി കാര്യക്ഷമമാക്കാനുള്ള ക്വാളിറ്റി ടെസ്റ്റ് ഉൾപ്പെടെ മിൽമ ആരംഭിച്ചു.
ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും മിൽമ ആലോചിക്കുന്നുണ്ട്. നിലവിൽ വിദേശരാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് നെയ്യും പാലട മിക്സുമാണ്. വിവിധ രാജ്യങ്ങളിലെ ലുലു മാളുകൾ കേന്ദ്രീകരിച്ച് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പാൽപ്പൊടി പോലുള്ള ഉൽപ്പന്നങ്ങളായിരിക്കും ലുലു മാൾ ഔട്ട്ലെറ്റുകളിലേക്ക് എത്തിക്കുക. ഇതിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളും സ്ഥാപനം നടത്തുന്നുണ്ട്.
മിൽമയുടെ റെഡി റ്റു യൂസ് ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. അതിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടത് വെജിറ്റബിൾ ബിരിയാണിയാണ്. പനീർ ബട്ടർ മസാല, ചപ്പാത്തി, പുളിശ്ശേരി തുടങ്ങിയവയാണ് മറ്റ് ഉൽപ്പന്നങ്ങൾ. കയറ്റുമതി കൂടി വർധിപ്പിക്കുന്നതോടെ സ്ഥാപനത്തിന്റെ വളർച്ച ഉയരുമെന്നാണ് മിൽമയുടെ പ്രതീക്ഷ.