
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആയി ഉയർത്തി ഹിമാചൽ പ്രദേശ്. ആരോഗ്യം, സാമൂഹിക നീതി, വനിതാ ശാക്തീകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ബിൽ ഹിമാചൽ പ്രദേശ് നിയമസഭ ശബ്ദ വോട്ടോടെ പാസാക്കി.
ആരോഗ്യമന്ത്രി ധനി റാം ഷാൻഡിലാണ് ശൈശവ വിവാഹ നിരോധന ബിൽ 2024 ഹിമാചൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആണ്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുന്നതും അമ്മയാകുന്നതും പെൺകുട്ടികളുടെ ആരോഗ്യ സ്ഥിതിയെ വളരെ മോശമായി ബാധിക്കുന്നുവെന്നും ചെറുപ്രായത്തിലുള്ള വിവാഹ സമ്മർദം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും തടസമാവുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
ലിംഗസമത്വവും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും പെൺകുട്ടികൾക്ക് നൽകുന്നതിന് വിവാഹ പ്രായം 21ലേക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകാതെ തന്നെ ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗവർണർ അംഗീകരിച്ചാൽ സുപ്രധാന നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഹിമാചൽ പ്രദേശ്.