എലത്തൂർ എച്ച്പിസിഎല്ലിലെ ഇന്ധന ചോർച്ച: ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തു; മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് പ്രദേശം സന്ദർശിക്കും

വൈകുന്നേരം ആറ് മണിയോടെ മന്ത്രി എ.കെ. ശശീന്ദ്രനും പ്രദേശം സന്ദർശിക്കും
എലത്തൂർ എച്ച്പിസിഎല്ലിലെ ഇന്ധന ചോർച്ച: ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തു; മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് പ്രദേശം സന്ദർശിക്കും
Published on


എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്നും ഇന്ധനം ചോർന്ന സംഭവത്തിൽ എച്ച്പിസിഎല്ലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഫാക്ടറീസ് ആക്ട് പ്രകാരമാണ് എച്ച്പിസിഎല്ലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സെൻസർ സംവിധാനം തകരാറിലായതാണ് പ്രശ്നത്തിന് കാരണം. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഏതൊക്കെ നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്ന് പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. ജലസ്രോതസ് ശുചിയാക്കാനുള്ള നടപടി തുടങ്ങി. എല്ലാ ജലസ്രോതസും ശുചീകരിക്കണമെന്നാണ് എച്ച്പിസിഎല്ലിനു നൽകിയിരിക്കുന്ന നിർദേശം. ഇന്ന് രാത്രി തന്നെ അതിൻ്റെ നടപടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ജലസ്രോതസുകൾ ശുചിയാക്കാനുള്ള കെമിക്കൽ മുംബൈയിൽ നിന്നും കൊണ്ടു വരുന്നുണ്ട്. മണ്ണ് മാറ്റിയാകും ശുചീകരണ പ്രവർത്തികൾ നടത്തുക. ഡീസൽ ചോർച്ച ആകസ്മികമായി സംഭവിച്ചതാണെന്നും കളക്ടർ വ്യക്തമാക്കി. സംഭവം ഗൗരവകരമാണ്. സംഭവത്തിൽ സർക്കാരിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. 1500 ലിറ്റർ ഡീസൽ ചോർന്നു എന്നാണ് എച്ച്പിസിഎൽ പറഞ്ഞത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ വെള്ളത്തിൽ ഇന്ധനം പടർന്നിട്ടുണ്ട്. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുടർനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

ഇന്ധന ചോർച്ചയിൽ സംയുക്ത പരിശോധന നടന്നിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരുടെയും കോർപറേഷൻ ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയാണ് നടന്നത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട്‌ തേടിയതിനു പിന്നാലെയാണ് പരിശോധന. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈകുന്നേരം ആറ് മണിയോടെ മന്ത്രി എ.കെ. ശശീന്ദ്രനും പ്രദേശം സന്ദർശിക്കും.

മന്ത്രി എ.കെ. ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട്‌ റിപ്പോർട്ട്‌ തേടിയതിനു പിന്നാലെ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഇ. അനിതാ കുമാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡിപ്പോയിലെത്തി എച്ച്പിസിഎൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇന്ധന ചോർച്ചയിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്നും, ഇന്ധനം ടാങ്കിൽ നിറയുമ്പോൾ ഉള്ള അലാം സംവിധാനം കൃത്യമായി പ്രവർത്തിച്ചില്ല എന്നും ഡെപ്യൂട്ടി കളക്ടർ അനിത കുമാരി അറിയിച്ചു.

കഴിഞ്ഞദിവസം വൈകീട്ടോടെയാണ് കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പ്രെട്ടോളിയം ലിമിറ്റഡിൽ നിന്നും പുറത്തെക്ക് ഓവുചാലിലേക്ക് ഡീസൽ ഒഴുകിയെത്തിയത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഇന്ധനം ടാങ്കിൽ നിറയുമ്പോൾ ഉള്ള അലാറം അടിച്ചില്ലെന്നും സാങ്കേതിക തകരാർ മൂലമുള്ള ഓവർഫ്ലോ മാത്രമാണെന്നുമാണ് അധികൃതർ പറയുന്നത്. പ്രശ്നം പരിഹരിച്ചെന്ന് എച്ച്പിസിഎൽ അധികൃതർ പറഞ്ഞെങ്കിലും ഇപ്പോഴും പ്ലാന്റിൽ നിന്ന് ഡീസൽ പുറത്തേക്ക് ഒഴുകുന്നുണ്ട്. എത്രത്തോളം ഡീസൽ ആണ് പുറത്തേക്ക് ഒഴുകിയത് എന്നതിനെ സംബന്ധിച്ചു കൃത്യമായ കണക്കുകളില്ല.

ഇന്നലെ മൂന്നരയോടെയാണ് ചോർച്ച നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. സംഭരണ കേന്ദ്രത്തിൽ നിന്നുള്ള ഡീസൽ സമീപത്തുള്ള ഓടയിലേക്ക് ഒഴുകുകയായിരുന്നു. 25 ഓളം ഡ്രമ്മുകളിൽ ആക്കിയാണ് ഡീസൽ മാറ്റിയത്. ഇതിന് മുൻപും ഇത്തരത്തിൽ ചോർച്ച ഉണ്ടായതായി നാട്ടുകാർ പറയുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നതയാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തിൽ ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com