IMPACT | വയനാട്ടിൽ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ചതിൽ ഇടപെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍; ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യും

സംഭവത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
IMPACT | വയനാട്ടിൽ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ചതിൽ ഇടപെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍; ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യും
Published on


വയനാട് തിരുനെല്ലിയിൽ ആദിവാസികളെ ബലമായി ഒഴിപ്പിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് നടപടി. സംഭവത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാന്‍ ഭരണ വിഭാഗം വനം മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുടുംബങ്ങൾക്ക് താൽക്കാലികമായി ഡോർമെറ്ററിയിൽ താമസം ഒരുക്കാനും വനം വകുപ്പിന് നിർദേശമുണ്ട്.

ആദിവാസി വിഭാഗങ്ങൾക്കുള്ള വനാവകാശ നിയമം പോലും കാറ്റിൽ പറത്തിയായിരുന്നു വനം വകുപ്പിന്റെ നടപടി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ മൂന്നു കുടുംബങ്ങളുടെ കുടിലുകളാണ് കഴിഞ്ഞദിവസം വനംവകുപ്പ് പൂർണമായും പൊളിച്ചുമാറ്റിയത്. 16 വർഷമായി ഈ കുടുംബങ്ങൾ ഇവിടെ കുടിൽകെട്ടി കഴിയുന്നവരാണ്. പഞ്ചായത്തിൽ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് വനം വകുപ്പ് കുടിലുകൾ പൂർണമായും തകർത്തു കളഞ്ഞത്.

ഗ്രാമപഞ്ചായത്ത് വർഷങ്ങൾക്കു മുമ്പ് സ്ഥലമെടുത്ത് കൊല്ലിമൂലയിൽ ഗോത്ര വിഭാഗങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. ഇതിനു സമീപത്ത് വനത്തോട് ചേർന്നുള്ള സ്ഥലത്താണ് ഈ മൂന്നു കുടുംബങ്ങളും കുടിൽകെട്ടി കഴിഞ്ഞിരുന്നത്. ഇതിൽ ഒരു കുടുംബത്തിൻറെ വീട് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വിധവയുടെ കുടിൽ ഉൾപ്പെടെ രണ്ടു കുടുംബങ്ങളുടെ കിടപ്പാടമാണ് വനംവകുപ്പ് നടപടിയിൽ ഇല്ലാതായത്.

സംഭവം വിവാദമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസും ബിജെപിയും റേഞ്ച് ഓഫീസ് ഉപരോധിച്ചിരുന്നു. വിഷയത്തിൽ വനം മന്ത്രി ഇടപെട്ടതോടെ ഇരുകൂട്ടരും സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് തിരുനെല്ലി നിയോജക മണ്ഡലം കമ്മിറ്റി ബിജെപി തിരുനെല്ലി നിയോജകമണ്ഡലം കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു റേഞ്ച് ഓഫീസ് ഉപരോധിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com