
മന്ത്രി സ്ഥാനം ഒഴിയുന്നതിൽ പ്രതികരണവുമായി എ.കെ. ശശീന്ദ്രൻ. പാർട്ടിയിൽ നടത്തിയ ചർച്ച മാധ്യമങ്ങളോട് പറയേണ്ടതില്ല. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ എന്തും ചെയ്യും. ഇപ്പോൾ നടക്കുന്ന ചർച്ചകൾ മാധ്യമ സൃഷ്ടിയാണെന്നും എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
പാർട്ടിക്കെതിരായ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തേണ്ടത് പാർട്ടി നേതൃത്വമാണ്. അതിന് കരുത്തുള്ള നേതാക്കൾ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുണ്ട്. എന്നാൽ മന്ത്രി സ്ഥാനം പോയാൽ എംഎൽഎ സ്ഥാനം രാജി വെക്കുമോ എന്ന ചോദ്യത്തോട് ശശീന്ദ്രൻ പ്രതികരിച്ചില്ല. അതേസമയം ഒരാഴ്ചയ്ക്കകം ശശീന്ദ്രന് പകരം തോമസ് കെ. തോമസിനെ മന്ത്രിയായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മന്ത്രി സ്ഥാനത്തെ ചൊല്ലി ദീർഘ നാളായി എൻസിപിയിൽ തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിൽ മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചന വരുന്നത്. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി നടന്ന ചർച്ചയിലാണ് തീരുമാനം. മന്ത്രിസ്ഥാനം മാറുന്ന കാര്യത്തിൽ എ.കെ. ശശീന്ദ്രൻ സന്നദ്ധത അറിയിച്ചെന്നാണ് വിവരം. ശശീന്ദ്രൻ രാജിവെക്കുന്ന വിവരം മുഖ്യമന്ത്രിയെ എൻസിപി നേതാക്കൾ അറിയിച്ചതിനു ശേഷം ആകും തോമസ് കെ. തോമസിനെ മന്ത്രിയാക്കിയുള്ള പ്രഖ്യാപനം ഉണ്ടാവുക.