പൂരം കലക്കല്‍: എഡിജിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടുന്നതുവരെ കാത്തിരിക്കാം; പ്രതികരണം അതുകഴിഞ്ഞാകാം: കെ. രാജന്‍

പൂരം കലക്കിയതില്‍ സുരേഷ് ഗോപിക്ക് പങ്കുണ്ടോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പൂരം കലക്കല്‍: എഡിജിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടുന്നതുവരെ കാത്തിരിക്കാം; പ്രതികരണം അതുകഴിഞ്ഞാകാം: കെ. രാജന്‍
Published on



തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച എഡിജിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കൈയ്യില്‍ ലഭിക്കുന്നതുവരെ കാത്തിരിക്കാമെന്നും അതിന് ശേഷം മാത്രമേ വിഷയത്തിൽ പ്രതികരിക്കേണ്ടതുള്ളു എന്നും റവന്യൂ മന്ത്രി കെ. രാജന്‍. എഡിജിപിയെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം എന്ന സിപിഐയുടെ നിലപാടില്‍ മാറ്റം ഇല്ലെന്നും കെ. രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം നടക്കുന്നിടത്തേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തിലും കെ. രാജന്‍ പ്രതികരിച്ചു. ആര്‍ക്കൊക്കെ ആംബുലന്‍സില്‍ സഞ്ചരിക്കാം എന്നതില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം ഉണ്ട്. അത് പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കട്ടെ. താന്‍ ഉള്‍പ്പെടെ ഉള്ളവര്‍ നടന്നാണ് എത്തിയതെന്നും പൂരം കലക്കിയതില്‍ സുരേഷ് ഗോപിക്ക് പങ്കുണ്ടോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം തൃശൂര്‍ പൂര വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. അന്വേഷണ പരിധിയില്‍ എഡിജിപിയും ഉള്‍പ്പെടുമെന്നാണ് സൂചന.

പൂരം കലക്കലില്‍ പുനരന്വേഷണം നടക്കുമെന്ന സൂചന മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ നല്‍ലകിയിരുന്നു. റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്.

പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൂരം ഏകോപനത്തില്‍ കമ്മീഷണര്‍ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അനുനയിപ്പിക്കുന്നതില്‍ വീഴ്ച പറ്റി. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചയായെതെന്നുമായിരുന്നു റിപ്പോര്‍ട്ട്.


അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈകളിലേക്ക് എത്തുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് എവിടെയെന്ന ചോദ്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന സംശയം സിപിഐ നേതാക്കളും ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com