
2019ലെ പ്രളയത്തിൻ്റെ ചിത്രങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അനാവശ്യ പോസ്റ്റുകൾ ഷെയർ ചെയ്യരുത്. ഭയപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ജനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രി കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"മൺസൂൺ നേരത്തെ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത കൂടുതൽ ഉണ്ടാകണം. ഇന്നലെ രാത്രിയോടെ മൺസൂൺ കാറ്റിൻ്റെ ശക്തി കൂടി. ഇന്നും നാളെയും വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകും. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴയ ലഭിച്ചേക്കാം. അനാവശ്യ ഭീതി വേണ്ട പക്ഷെ ജാഗ്രത വേണം. മഴയുടെ സ്ഥിതി വിലയിരുത്താൻ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. അനുമതിയില്ലാത്ത റിസോർട്ടുകളിൽ ആളുകളെ താമസിപ്പിക്കരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്", മന്ത്രി പറഞ്ഞു.
ദേശീയപാതയിലെ യാത്ര സുരക്ഷിതമാക്കാൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. രാജൻ പറഞ്ഞു. ഭീതി ഉണ്ടായ സ്ഥലങ്ങളിൽ നേരിട്ട് പരിശോധന നടത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി ആവശ്യമായ മുന്നറിയിപ്പുകൾ നൽകുമെന്നും സുരക്ഷ ഒരുക്കുമെന്നുമാണ് പ്രതീക്ഷയെന്നും മന്ത്രി കെ. രാജൻ കൂട്ടിച്ചേർത്തു.