ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: പ്രതികൾ വയനാട് സ്വദേശികൾ; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു

പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു
ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: പ്രതികൾ വയനാട് സ്വദേശികൾ; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു
Published on

വയനാട്ടിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവത്തിലെ പ്രതികൾ വയനാട് സ്വദേശികൾ എന്ന് സൂചന. സംഘത്തിലെ ഒരു യുവാവിന്റെ പേര് അർഷിദ് എന്ന് നിഗമനം. ബാക്കിയുള്ളവരെ പറ്റിയും വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. അർഷിദിന്റെ ബന്ധുവിന്റേതാണ് യുവാക്കൾ സഞ്ചരിച്ച കാർ. ഉച്ചയോടെ തന്നെ കണിയാമ്പറ്റയിലെ ഇവരുടെ ബന്ധു വീട്ടിൽ നിന്നും കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


അതേസമയം, സംഭവത്തിൽ കർശന നടപടി എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ
നിർദേശം നൽകിയിട്ടുണ്ട്. പൊലീസിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. എത്രയും വേഗം പ്രതികളെ പിടികൂടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ആർ. കേളുവും പൊലീസിന് നിർദേശം നൽകി. യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാനും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.



സംഭവം വളരെ വേദനിപ്പിക്കുന്നതാണെന്ന് ടി. സിദ്ദീഖ് എംഎൽഎ പ്രതികരിച്ചു. കേരളത്തിൽ ആദിവാസികൾ വലിയ ക്രൂരത നേരിടുന്നു. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ക്രൂരവും, മനുഷ്യത്വരഹിതവുമായ സംഭവമാണിത്. മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലാണ് സംഭവമെന്നും ടി. സിദ്ദീഖ് എംഎൽഎ പറഞ്ഞു. പ്രതികളെയും വാഹനവും പിടികൂടാനാവാത്തത് പൊലിസിൻ്റെ വീഴ്ചയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പ്രതികരിച്ചു. പ്രത്യേക പരിഗണന വേണ്ടവരെ ക്രൂരമായി ആക്രമിക്കുന്നത് പതിവാണ് എന്നും രാഹുൽ പറഞ്ഞു.

ഞായറാഴ്ച പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ ഉന്നതിയിലെ മാത്തൻ എന്നയാളെയാണ് കൂടൽ കടവിൽ തടയണ കാണാനെത്തിയ വിനോദ സഞ്ചാരികൾ റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാതനെ വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com