'വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം'; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി: മുഹമ്മദ് റിയാസ്

നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
'വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം'; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി: മുഹമ്മദ് റിയാസ്
Published on

സംസ്ഥാനത്ത് ഇത്തവണത്തെ ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും റിയാസ് പറഞ്ഞു.

ചൂരല്‍മലയില്‍ ദുരന്തബാധിതരായവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ഒരുക്കുന്നതിനായി സര്‍ക്കാര്‍ 27 പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ വാസയോഗ്യമാക്കുമെന്ന് മന്ത്രിതല ഉപസമിതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി
സജ്ജമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇവയുടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രിതല ഉപസമിതി അറിയിച്ചിരുന്നു.

അതേസമയം നാളെ ചൂരല്‍മലയില്‍ ജനകീയ തെരച്ചിലായിരിക്കും നടക്കുക. കാണാതായവരുടെ ബന്ധുക്കളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ജനകീയ തെരച്ചില്‍ നടത്തുക.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com