ആരും ആരെയും തല്ലുന്നതിനെ താൻ ന്യായീകരിക്കില്ല; ആർഷോയെ തള്ളി മന്ത്രി ആർ. ബിന്ദു

കുട്ടികൾ പ്രതികരിക്കും പോലെയാണോ മന്ത്രി എന്ന നിലയിൽ താൻ പ്രതികരിക്കുക എന്നും മന്ത്രി ചോദിച്ചു
ആരും ആരെയും തല്ലുന്നതിനെ താൻ ന്യായീകരിക്കില്ല; ആർഷോയെ തള്ളി മന്ത്രി ആർ. ബിന്ദു
Published on


ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ തല്ലിയത് ന്യായീകരിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ആരും ആരെയും തല്ലുന്നതിനെ താൻ ന്യായീകരിക്കുന്നില്ല. കുട്ടികൾ പ്രതികരിക്കും പോലെയാണോ മന്ത്രി എന്ന നിലയിൽ താൻ പ്രതികരിക്കുക എന്നും മന്ത്രി ചോദിച്ചു.

സ്വകാര്യ സർവകലാശാല ബില്ലിൽ വിദ്യാർഥി സംഘടനകളുമായി ആശയവിനിമയം നടത്തുമെന്നും ഡോ. ആർ ബിന്ദു വ്യക്തമാക്കി. പൊതു ജനങ്ങൾക്ക് ചർച്ച ചെയ്യാൻ സമയം കിട്ടി. ആഴത്തിലുള്ള ചർച്ച നടത്താം. തിടുക്കപ്പെട്ടല്ല ബിൽ കൊണ്ടുവന്നത്. ബിൽ സെലക്ട് കമ്മറ്റിക്ക് വിടുന്ന കാര്യം സഭ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്യവട്ടം ക്യാംപസിലെ റാഗിങ് നിർഭാഗ്യകരമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംഭവത്തിൽ കർശന നടപടിയുണ്ടാകേണ്ടതുണ്ട്. ആന്റി റാഗിങ് സെല്ലിൽ ഉടനടി നടപടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ദുരനുദവം ഉണ്ടായാൽ കുട്ടികൾ തുറന്നു പറയാൻ തയ്യാറാകണം. കുട്ടികൾക്ക് അവബോധം നൽകണം. സംസ്ഥാന തലത്തിൽ റാഗിങ് വിരുദ്ധ സംവിധാനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പെട്ടെന്ന് സംസ്ഥാന തല ആൻ്റി റാഗിങ് സംവിധാനം രൂപീകരിക്കും. കോളേജ് പ്രിൻസിപ്പൾമാരുടെ യോഗം വിളിക്കും. എസ്എഫ്ഐ ഇല്ലാത്തിടത്തും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. എല്ലാം എസ്എഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും മന്ത്രി ഡോ. ആർ. ബിന്ദു പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com