കൂടൽമാണിക്യ ക്ഷേത്ര ജീവനക്കാരന് ഔദ്യോഗിക കൃത്യനിർവഹണം സാധ്യമാകാത്തത് മതനിരപേക്ഷ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തത്: മന്ത്രി ആർ. ബിന്ദു

സംസ്കാരങ്ങളുടെ സംഗമഭൂമിയായാണ് ഇരിങ്ങാലക്കുടയും കൂടൽമാണിക്യക്ഷേത്രവും ഉയർന്നുവന്നതെന്ന ചരിത്രം ആരും വിസ്മരിച്ചുകൂടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
ആർ. ബിന്ദു, ബി.എ. ബാലു
ആർ. ബിന്ദു, ബി.എ. ബാലു
Published on

തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരനായി നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിർവഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽനിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ല. കുലം, കുലത്തൊഴിൽ, കുലമഹിമ തുടങ്ങിയ ആശയങ്ങൾ അപ്രസക്തമായ കാലമാണിത്. മാല കെട്ടുന്നതിനുപോലും ജാതിയുടെ അതിർവരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവർ പുനർവിചിന്തനം ചെയ്യുമെന്ന് കരുതുന്നതായും മന്ത്രി അറിയിച്ചു.



സംസ്കാരങ്ങളുടെ സംഗമഭൂമിയായാണ് ഇരിങ്ങാലക്കുടയും കൂടൽമാണിക്യക്ഷേത്രവും ഉയർന്നുവന്നതെന്ന ചരിത്രം ആരും വിസ്മരിച്ചുകൂടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജാതീയവിഭജനങ്ങളെ ദൈവചിന്തയ്ക്ക് നിരക്കാത്തതെന്ന പേരിൽ നിരാകരിച്ച ചട്ടമ്പിസ്വാമികളെപ്പോലെ സമൂഹപരിഷ്കർത്താക്കളുടെ പ്രവർത്തനമണ്ഡലമായിരുന്ന ഭൂമിയാണിത്. ജാതിവിലക്കുകളിൽ കുടുങ്ങി ചരിത്രത്തിൽനിന്നുതന്നെ അപ്രത്യക്ഷമാകുമായിരുന്ന കൂടിയാട്ടം പോലുള്ള ക്ഷേത്രകലകളെ രാജ്യത്തിന്റെ അഭിമാനമായി ലോകജനത മുമ്പാകെ ഉയർത്തിക്കൊണ്ടുവരാൻ ഭേദചിന്തകളെ മായ്ച്ച് ഒരുമിച്ചു നിന്ന് വിജയം കണ്ട മണ്ണാണിത്. കേരളത്തിൻ്റെ ആധുനിക നവോത്ഥാന പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ അധ്യായമായി ഇരിങ്ങാലക്കുട ഉയർന്നത് വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന കുട്ടൻകുളം സമരത്തിലൂടെയാണെന്നും മന്ത്രി ഡോ. ബിന്ദു ഓർമിപ്പിച്ചു. ഉയർന്നുവന്ന പ്രശ്നത്തിന് ഗുണാത്മകമായ പരിഹാരം ഉണ്ടാകുന്നതിന് ബന്ധപ്പെട്ട ഏവരുടെയും ജാഗ്രത വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം തസ്തികയിലേക്ക് നിയമാനുസൃതം നിയമനം ലഭിച്ച ബി.എ. ബാലുവിനാണ് ജാതി വിവേചനത്തെ തുടർന്ന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായത്. ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ജോലിയിൽ നിന്നും മാറ്റിയത്. തന്ത്രിമാരുടെ നിലപാടിനോട് യോജിപ്പില്ലെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.ജി. അജയകുമാർ വെളിപ്പെടുത്തിയിരുന്നു. കാരായ്മ വ്യവസ്ഥ ലംഘിച്ചാണ് നിയമനം നടത്തിയതെന്നും ആചാര അനുഷ്ഠാന സംരക്ഷണം മുൻനിർത്തി ആശയ പ്രചാരണവും നിയമനടപടികളും സ്വീകരിക്കുമെന്നും ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധിയും അറിയിച്ചു.

അതേസമയം, ഇനി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലി ചെയ്യില്ലെന്നും, ദേവസ്വം ഓഫീസ് ജീവനക്കാരനായി തുടരാനാണ് തീരുമാനമെന്നും ബാലു പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ദേവസ്വത്തിന് അപേക്ഷ നൽകും. അംഗീകരിച്ചില്ലെങ്കിൽ നാട്ടിലേക് മടങ്ങുമെന്നാണ് ബാലുവിന്റെ നിലപാട്. ബാലുവിനെ കഴകക്കാരനായാണ് നിയമിച്ചത്. അതുകൊണ്ടുതന്നെ ഓഫീസ് ജോലികളിലേക്ക് മാറ്റുന്നതിനുള്ള അധികാരം ദേവസ്വത്തിനില്ല. ബാലുവിൻ്റെ ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും, തുടർനടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി. കെ. ഗോപി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com