
അർജുന് സംഭവിച്ച ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ വിട്ടുമാറില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കുടുംബത്തിന്റെ നഷ്ടം ഒരിക്കലും പരിഹരിക്കാൻ സാധിക്കാത്തതാണ്. അർജുൻ്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കടന്നപ്പള്ളി പറഞ്ഞു. അർജുൻ്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ ട്രക്ക് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ട്രക്കിനുള്ളിൽ നിന്ന് ലഭിച്ച അസ്ഥി കഷണങ്ങളടക്കം ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്നാണ് മൃതദേഹം അർജുൻ്റേതാണെന്ന് സ്ഥിരീകരിച്ചത്.
അർജുൻ്റെ മൃതദേഹം രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിക്കും. കണ്ണാടിക്കലിൽ നിന്നും വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുപോകുന്നത്. പൂളാടിക്കുന്നിൽ നിന്നും ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും. വീട്ടിൽ ഒരു മണിക്കൂർ നേരം പൊതുദർശനം നടത്തിയശേഷമായിരിക്കും, കുടുംബത്തിൻ്റെ ആഗ്രഹപ്രകാരം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുക.