"റീല്‍സിടല്‍ തുടരും ദേശീയപാതാ വികസനവും"; ആരോപണങ്ങളില്‍ വിശദീകരണവുമായി മന്ത്രി റിയാസ്

എന്‍എച്ച് 66ന്‍റെ നിർമാണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത് ദേശീയപാതാ അതോറിറ്റിയാണെന്ന് മന്ത്രി പറഞ്ഞു
പി.എ. മുഹമ്മദ് റിയാസ്
പി.എ. മുഹമ്മദ് റിയാസ്
Published on

ദേശീയ പാതാ വികസനത്തിൽ എൽഡിഎഫിന്റെ പങ്കെന്തെന്ന് വിശദീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ എൻഎച്ച് 66 നടക്കുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിശ്ചയദാർഢ്യയത്തോടെ ദേശീയപാതാ വികസനം തുടരുമെന്നും എന്‍എച്ച്എഐ വിദഗ്ധ സംഘത്തിൻ്റെ റിപ്പോർട്ട് വന്നതിനുശേഷം സർക്കാറിന് പറയാനുള്ളത് പറയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി ദേശീയപാതാ 66ന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാറുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രശ്നങ്ങളുണ്ടായ ഘട്ടത്തിൽ മുഖ്യമന്ത്രി എല്ലാവരെയും വിളിച്ച് വിഷയം ചർച്ച ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിച്ച് ആശങ്ക അകറ്റണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി. ദേശീയപാത 66ന്റെ നിർമാണ അവസാന ഘട്ടത്തിലാണ്. രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളാണ് കേരളത്തിൽ യുഡിഎഫ് നടത്തിയത്. സംസ്ഥാന സർക്കാരിനെ ആക്രമിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.



ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് ദേശീയ പാതാ അതോറിറ്റിയാണ്. ടെൻഡർ വിളിക്കുന്നതും, കരാറുകാരെ നിശ്ചയിക്കുന്നതും അവരാണ്. ഗുണ പരിശോധന നടത്തുന്നതും ദേശീയപാതാ അതോറിറ്റിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് അറിയാഞ്ഞിട്ടല്ല ചിലരുടെ വിമർശനമെന്നും കേരളത്തിലെ ദേശീയ പാതാ വികസനം മാതൃകാപരമാണെന്നാണ് പലരും സൂചിപ്പിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എത്ര പരിഹസിച്ചാലും വികസന പ്രവർത്തനത്തിന്റെ റീൽസിടൽ അവസാനിപ്പിക്കുമെന്ന് വിചാരിക്കേണ്ട. റിൽസിടലും സോഷ്യൽ മീഡിയയിലൂടെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കലും തുടരുമെന്നും റിയാസ് കൂട്ടിച്ചേർത്തു.


Also Read: ദേശീയപാതാ നിർമാണത്തിൻ്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന്, സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നല്‍കി: മുഖ്യമന്ത്രി



"ദേശീയപാതാ 66ന്റെ വികസനത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് എന്താണ് കാര്യം എന്ന് ചോദിച്ച് സംസ്ഥാന സർക്കാരിനെതിരെ ചിലർ വാളോങ്ങുകയാണ്. പദ്ധതി മുടങ്ങിയത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ്. യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ താൽപ്പര്യം കാണിച്ചില്ല. തമ്മിലടി കാരണം ഇതൊന്നും ശ്രദ്ധിച്ചില്ല. 2013ൽ കേരളത്തിലെ ദേശീയപാതാ പ്രവർത്തനങ്ങൾ എൻഎച്ച്എഐ ഡിനോട്ടിഫൈ ചെയ്യുന്ന അവസ്ഥയുണ്ടായി. 2015ൽ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി. 2016ലെ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ എൻഎച്ച് 66 യാഥാർഥ്യമാക്കുമെന്ന് എഴുതിവെച്ചിരുന്നു. നടക്കാത്ത കാര്യമാണെന്ന് പറഞ്ഞ് പലരും അന്ന് പരിഹസിച്ചു. അധികാരത്തിൽ വന്നതോടെ പിണറായിയുടെ നേതൃത്വത്തിൽ പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിച്ചു," റിയാസ് പറഞ്ഞു.


മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നിരന്തര ചർച്ചകൾക്കും സമ്മർദങ്ങൾക്കും ഒടുവിലാണ് കേരളത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടതെന്ന് മന്ത്രി പറഞ്ഞു. "സ്ഥലം ഏറ്റെടുക്കലായിരുന്നു പിന്നീട് പ്രശ്നം. അതിനായി കാലണ ഇനി തരാനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം ഒരു പിഴ അടയ്ക്കുന്നത് പോലെ എൽഡിഎഫ് സർക്കാരിന് ഒരു തീരുമാനം എടുക്കേണ്ടി വന്നു. അത്തരത്തിൽ ഒരു തീരുമാനം ഇന്ത്യയിൽ ആദ്യമായാണ്. ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാന സർക്കാർ പണം മുടക്കാൻ തയ്യാറായതായിരുന്നു ആ തീരുമാനം," റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര സർക്കാർ നിബന്ധനയോട് അനുകൂല നിലപാട് സ്വീകരിച്ചുവെന്നും റിയാസ് ഓർമപ്പെടുത്തി. അങ്ങനെയാണ് കേന്ദ്ര സർക്കാ‍ർ പദ്ധതിക്ക് അനുമതി നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5580.73 കോടിയാണ് സ്ഥലം ഏറ്റെടുക്കലിന് സർക്കാർ ചെലവാക്കിയതെന്ന് മന്ത്രി പറഞ്ഞു. "1,190.67 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. സാധ്യമാകില്ലെന്ന് പലരും വെല്ലുവിളിച്ചിരുന്നു. ജനപക്ഷത്ത് നിന്ന് ഇടതുപക്ഷത്തിന് അവർക്ക് മികച്ച നഷ്ടപരിഹാരം നൽകാനായി. മുഖ്യമന്ത്രി തന്നെ ജനങ്ങളോട് നേരിട്ട് സംസാരിച്ച് ആശങ്ക പരിഹരിച്ചു. അത് മുടക്കാൻ കീഴാറ്റൂർ പൊലുള്ള മഴവില്ല് മുന്നണി സമരങ്ങൾ കൊണ്ടുവന്നു. അതിനേയും അതിജീവിച്ചു. അന്ന് ഒന്നിച്ച് നിന്ന് മുദ്രാവാക്യങ്ങൾ വിളിച്ചവരാണ് ഇന്ന് എൽഡിഎഫ് സർക്കാരിന്റെ പങ്കെന്തെന്ന് ചോദിക്കുന്നത്. യുഡിഎഫിനും ബിജെപിക്കും ഓരേ സ്വരമാണ്," റിയാസ് കൂട്ടിച്ചേർത്തു.


ദേശീയപാതാ വികസനം കേരളത്തിൽ വേ​ഗത്തിൽ നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ബൈപ്പാസ്, കഴക്കൂട്ടം എലവേറ്റഡ് ഹൈവേ, നീലേശ്വരം മേൽപ്പാലം എന്നിവ തുറന്നുകൊടുത്തു. കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ 18 പദ്ധതികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് ബൈപ്പാസ്, തലപ്പാടി-ചെങ്കള, മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രെച്ചുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com