
കലൂർ സ്റ്റേഡിയത്തിൽ വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ചികിത്സയ്ക്കായി കോട്ടയത്ത് നിന്ന് വീണ്ടും മറ്റൊരു സംഘമെത്തുമെന്ന് മന്ത്രി സജി ചെറിയാൻ. നാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് നോക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
സംഘാടനത്തിൽ പിഴവില്ല. സംഘാടനം വളരെ മെച്ചപ്പെട്ടതായിരുന്നു. അതിനൊന്നും കുറ്റം പറയാനില്ല. സുരക്ഷ ഒരുക്കുന്നതിലാണ് വീഴ്ച വന്നത്. ബാരിക്കേട് വെക്കണമായിരുന്നു. വേദനജനകമായ സംഭവമാണ് ഉണ്ടായതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അപകടം ഉണ്ടായ ശേഷം സ്റ്റേജ് പരിശോധിക്കാൻ പൊലീസിനോട് പറഞ്ഞിരുന്നു. നല്ല ബലത്തിലാണ് സ്റ്റേജ് ചെയ്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തു നിന്ന് ഏതൊരു തരത്തിലുള്ള സഹായവും ഉണ്ടാവും. ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിചേർത്തു.
അതേസമയം, സംഭവത്തിൽ സംഘാടകരും ഇവൻ്റ് മാനേജ്മെന്റും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാണ് കൊച്ചി പൊലീസ് കമ്മീഷണർ പറഞ്ഞത്. പരിപാടിക്കായി സംഘാടകർ അനുമതി എടുത്തോ എന്ന് അന്വേഷിക്കുകയാണ്. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ജിസിഡിഎ) 24 നിർദേശങ്ങൾ നൽകിയിരുന്നു. ഇതിൽ പലതും പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്കായി 43 പോലീസുകാരെ വിന്യസിച്ചിരുന്നു. 150 വാളണ്ടിയർമാരും ഉണ്ടായിരുന്നു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. അനുമതി വാങ്ങാത്തത് ശരിയല്ല. സംഭവത്തിൽ പാലാരിവട്ടം പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണർ അറിയിച്ചു.