
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. ആരോപണ വിധേയനായ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന മന്ത്രിയുടെ പ്രതികരണം അപലപനീയമാണെന്നും മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് പുറത്തുവരുന്നതെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുകയാണെന്ന് സാന്ദ്രാ തോമസ് വിമര്‍ശിച്ചു. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്‍മെന്‍റ് പുറത്താക്കുകയോ ചെയ്യണമെന്ന് സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു.
സാന്ദ്രാ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു.
ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് .
സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ദേഹത്തിന്‍റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്‍മെന്‍റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ 'മഹാപ്രതിഭ ' എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ രാജി വെക്കുക .
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കില്ലെന്ന് മന്തി സജി ചെറിയാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചതാണ്. നടി പരാതി തന്നാല്‍ ബന്ധപ്പെട്ട ഏജന്‍സി അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 2009-10 കാലഘട്ടത്തല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.
രഞ്ജിത്ത് രാജ്യം കണ്ട പ്രഗല്‍ഭനായ കലാകാരനാണ്. മാധ്യമങ്ങളില്‍ നടത്തിയ ഒരു ആരോപണത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതു പക്ഷ സർക്കാർ വേട്ടക്കാർക്കൊപ്പമല്ല, ഇരയ്ക്കൊപ്പമാണ്. ഇടതുപക്ഷ സർക്കാർ സ്ത്രീപക്ഷത്താണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല. പരാതിയുമായി മുന്നോട്ട് വന്നാല്‍ മാത്രമെ കേസെടുക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.