
വഖഫ് ഭേദഗതി ബിൽ ന്യൂനപക്ഷങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കായിക മന്ത്രി വി അബ്ദു റഹ്മാൻ. ബില്ലിൽ വ്യക്തതയില്ല. ഇത് വഖഫ് ബോർഡിൻ്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുസ്ലിം സംഘടനകളുമായി കൊച്ചിയിൽ ചേർന്ന യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ മുസ്ലിം സംഘടനകളുമായി ചേർന്നുള്ള യോഗത്തിലെ ആശങ്കകളും നിർദ്ദേശങ്ങളും ജെ.പി.സി ചെയർമാൻ ജഗതാംബിക പാലിനെ അറിയിക്കുമെന്നും മന്ത്രി വി അബ്ദു റഹ്മാൻ പറഞ്ഞു. ആർട്ടിക്കിൾ 26 ഉം 35 ഉം പരാമർശിച്ചുള്ള ചർച്ചകളും യോഗത്തിലുണ്ടായി. മതസ്വാതന്ത്ര്യത്തിൻ്റെ മേലുള്ള കടന്നുകയറ്റമാണ് ഭേദഗതിയെന്നും നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.
ALSO READ: എന്താണ് വഖഫ് നിയമ ഭേദഗതി? വിവാദങ്ങള്‍ എന്തുകൊണ്ട്?
അതേസമയം ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ സംയുക്ത പാർലമെന്ററി സമിതിയെ നേരത്തെയും മുസ്ലിം സംഘടനകൾ അറിയിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിക്കൊപ്പമാണ് സംഘടനകൾ ജെ.പി.സി ചെയർമാനെ സന്ദർശിച്ചത്.