
സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ വീണ്ടും പോരുമായി രംഗത്തെത്തിയതിനു പിന്നാലെ പ്രതിരോധവുമായി മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്ത്. ഗവര്‍ണര്‍ ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിനായി ചെയ്യുന്ന കാര്യങ്ങളാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപിയെ തൃപ്തിപ്പെടുത്താനായാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ബിജെപിയുടെ പെട്ടി ചുമക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. അങ്ങനെയൊന്നും വിരട്ടിയാല്‍ വിരളുന്ന സംസ്ഥാനമല്ല കേരളം.
ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും നിയന്ത്രിക്കാന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളത്. ആവശ്യം വരുന്ന സമയത്ത് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂട്ടാകും. ഗവര്‍ണറുടെ നിലവാരം താഴുന്നു. സന്ധി ചെയ്യേണ്ട സാഹചര്യം സര്‍ക്കാരിന് ഇല്ല. ഗവര്‍ണര്‍ക്ക് എന്ത് വേണമെങ്കിലും കൊടുക്കാം, വായടച്ചാല്‍ മതിയെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. ദേശവിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കുന്നതുവരെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കാനാണ് ഗവര്‍ണറുടെ നീക്കം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരായ തുടര്‍നടപടി സാധ്യതയും രാജ്ഭവന്‍ പരിശോധിക്കുന്നുണ്ട്.
ഗവര്‍ണറുടേത് രാഷ്ട്രീയ നീക്കമാണെന്ന പ്രചാരണം ശക്തിപ്പെടുത്താനാണ് സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കാലാവധി കഴിഞ്ഞും ഗവര്‍ണര്‍ പദവിയില്‍ തുടരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിന് വേണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. സര്‍ക്കാരിനെയും, മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഗവര്‍ണറുടെ നീക്കത്തെ മുന്നണി ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.