
തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് സ്ഥിരമായി പച്ചക്കറി മോഷണം പോകുന്നുവെന്ന വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പൊലീസിനോടും വിദ്യാഭ്യാസ അധികൃതരോടും പരാതി അന്വേഷിക്കാൻ നിർദേശം നൽകിയെന്നും നിങ്ങളോടൊപ്പം ഞാനുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ മറുപടി നൽകി.
"ഇക്കാര്യത്തിൽ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്. തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദേശം നൽകിയിട്ടുണ്ട്," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞുങ്ങൾ തനിക്കെഴുതിയ സങ്കടം നിറഞ്ഞ പരാതിയുടെ കോപ്പിയും മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 18 ക്വാളിഫ്ലവർ വരെ സ്കൂളിലെ തോട്ടത്തിൽ നിന്ന് കളവ് പോയെന്നും ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി സ്കൂളിൽ നിന്ന് തന്നെ കിട്ടുന്നില്ലെന്നും സ്കൂൾ ലീഡർമാരായ ബദ്രി നാഥും ഇമയ പിയും മന്ത്രിക്ക് എഴുതിയ കത്തിൽ സങ്കടപ്പെടുന്നുണ്ട്.
മന്ത്രി ശിവൻകുട്ടി ഇതിന് മുമ്പും ഈ സ്കൂളിലെത്തി കുഞ്ഞുങ്ങളുടെ കൃഷി നേരിൽ കാണുകയും കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. കത്ത് വായിച്ച ഉടനെ തന്നെ നടപടിയെടുത്ത വിദ്യാഭ്യാസ മന്ത്രിക്കും സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.