
വയനാട് ദുരന്തത്തിൽ കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നുൾപ്പെടെ കുട്ടികളെ നൽകുന്നു, തുടങ്ങിയ വ്യാജ വാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി ഹരിതാ വി നായര്‍ ഐഎഎസിന് നിര്‍ദേശം നല്‍കിയതായും വീണ ജോർജ് വ്യക്തമാക്കി. നിരവധി ആളുകളാണ് വയനാട്ടിൽ കുടുംബം നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാൻ സന്നദ്ധരായി രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: "കുട്ടികളില്ല, ദത്തെടുക്കാൻ തയ്യാറാണ്"; അഭ്യർഥനയ്ക്ക് വിശദീകരണവുമായി വീണാ ജോർജ്
ദുരന്തത്തിന് പിന്നാലെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സന്നദ്ധരാണെന്ന് അറിയിച്ചവർക്ക് വിശദീകരണവുമായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് മുതലെടുത്ത് കുട്ടികളെ വളർത്താൻ അപേക്ഷ സ്വീകരിക്കുന്നെന്ന വ്യാജവാർത്തയുമായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നിരവധി പേരെത്തി. പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റിൻ്റെ പൂർണരൂപം;
വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി ഹരിതാ വി നായര്‍ ഐഎഎസിനോട് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണ്.