എംപോക്‌സ്: സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എംപോക്‌സ്: സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
Published on
Updated on

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. ദുബായിൽ നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് സ്രവ സാമ്പിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു.


മറ്റു രാജ്യങ്ങളില്‍ നിന്നും കേരളത്തിൽ എത്തുന്നവർക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ആശുപത്രികളുടെ പട്ടികയും ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു.

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.


കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.


അസുഖബാധിതരായ ആള്‍ക്കാരുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാത്ത ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com