
മെഡിക്കൽ കോളേജുകളിലെ ലിഫ്റ്റുകളില്‍ ഓട്ടോമെറ്റിക് റെസ്‌ക്യൂ ഡിവൈസ് സംവിധാനം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലിഫ്റ്റുകളിൽ രോഗികളും ഡോക്ടറും കുടുങ്ങിയ സംഭവത്തിന് പിന്നാലെയാണ് തീരുമാനം. ആശുപത്രികളിലെ സുരക്ഷിതത്വം പരിശോധിക്കാന്‍ ഓരോ വിഭാഗങ്ങളിലും ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ സുരക്ഷിതത്വം വിലയിരുത്താന്‍ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർദേശം.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ലിഫ്റ്റുകളില്‍ ഓട്ടോമെറ്റിക് റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കുന്നതിൻ്റെ സാധ്യത പരിശോധിച്ച്, പരമാവധി എല്ലാ ലിഫ്റ്റുകളിലും സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ സാങ്കേതിക പരിശീലനം നല്‍കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് ലിഫ്റ്റിൻ്റെ ഡോര്‍ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണം എന്ന മാനദണ്ഡം കൃത്യമായി പാലിക്കണം. മെഡിക്കൽ കോളേജ് ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാന്‍ ഓരോ വിഭാഗങ്ങളിലേയും ജീവനക്കാര്‍ക്ക് ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും. ജീവനക്കാര്‍ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ഉറപ്പാക്കണമെന്ന് വീണാ ജോർജ്ജ് പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം. എല്ലാ മെഡിക്കല്‍ കോളേജുകളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തന പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷം നടത്തിയ സേഫ്റ്റി ഓഡിറ്റ് പ്രകാരം ഓരോ മെഡിക്കല്‍ കോളേജിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. മെഡിക്കല്‍ കോളേജിലെ പ്രത്യേക ടീമായിരിക്കും ഇത് പരിശോധിക്കുക. അലാമുകള്‍, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയര്‍ ആൻ്റ് സേഫ്റ്റി എന്നിവയുടെ കാര്യക്ഷമത പരിശോധിക്കും. വിവിധ തട്ടുകളിലെ അപകട സാധ്യത കണക്കിലെടുത്ത് മോക്ഡ്രില്‍ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.