
അണക്കെട്ടുകൾക്ക് ചുറ്റുമുള്ള ബഫർസോൺ ഉത്തരവ് പിൻവലിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കും. സദുദ്ദേശ്യത്തോടെ കൊണ്ട് വന്ന തീരുമാനം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസിന് മറുപടി നൽകുകയായിരുന്നു റോഷി അഗസ്റ്റിൻ.
പഴശ്ശി ഡാമിൻ്റെ ബഫർ സോണിലെ വീടുകൾക്ക് പെർമിറ്റ് നമ്പർ കിട്ടുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിൽ ഉന്നയിച്ചിരുന്ന ആരോപണം. സർക്കാരിന്റെ ചില ഉത്തരവുകൾ മൂലമാണ് പെർമിറ്റ് കിട്ടാത്തത്. ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തുനിന്ന് മോൻസ് ജോസഫ് ആണ് നോട്ടീസ് നൽകിയത്. 26/12ലെ ജലസേചന വകുപ്പ് ഉത്തരവ് അന്തിമമായി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്റെ മറുപടി. ജനങ്ങൾക്ക് ആശങ്കയില്ലാത്ത വിധം ഉത്തരവ് പരിഷ്കരിക്കും. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും റോഷി അഗസ്റ്റിൻ പ്രതിപക്ഷത്തോട് പറഞ്ഞു.
അണക്കെട്ടുകളോട് ചേർന്ന് വീട് നിർമാണത്തിനടക്കം അനുമതി നിഷേധിച്ച്, ബഫർ സോണാക്കി പ്രഖ്യാപിക്കുന്നതായിരുന്നു ജലസേചന വകുപ്പിന്റെ ഉത്തരവ്. സദുദ്ദേശ്യത്തോടെയാണ് നിയമം കൊണ്ടുവന്നതെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടുവെന്നു പറഞ്ഞ മന്ത്രി ആശങ്ക കണക്കിലെടുത്ത് ഉത്തരവ് പിൻവലിക്കുമെന്നും അറിയിച്ചു. ഉത്തരവ് പിൻവലിക്കുമെന്ന ഉറപ്പുനൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കില്ലെന്ന് തന്നെയാണ് പറഞ്ഞതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.