
സിപിഎം ജില്ലാ കമ്മിറ്റിയിലെ ചർച്ചയിൽ മൂന്ന് അംഗങ്ങൾ ന്യൂനപക്ഷ പ്രീണനം നടത്തിയതായി ജില്ലാ സെക്രട്ടറി വി.ജോയ് ആരോപിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആരോപണം. ചർച്ചയിൽ പങ്കെടുത്ത ഷിജുഖാൻ, ഷൈലജാ ബീഗം, ഐ.സാജു എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സെക്രട്ടറിയുടെ വിമർശനം. ഈഴവ- നായർ വോട്ടുകൾ ചോർന്നതിനെ കുറിച്ച് പറയാതെ ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന ചോദ്യത്തിനായിരുന്നു ജോയ് മറുപടി പറഞ്ഞത്. ജില്ലാ സെക്രട്ടറിയുടെ പരാമർശത്തിനെതിനെതിരെ ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധമുയർന്നു. ചർച്ചയിൽ പങ്കെടുത്തവർക്കെതിരായ തെറ്റായ പരാമർശം തിരുത്താൻ എം. സ്വരാജ് ആവശ്യപ്പെട്ടു.
അതിനിടെ, ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും, അയാൾക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ കയറാൻ സ്വാതന്ത്ര്യമുണ്ടെന്നും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം കരമന ഹരി വിമർശിച്ചു. വ്യവസായിയുടെ പേരെടുത്ത് പറയാതെയാണ് കരമന ഹരി വിമർശനമുന്നയിച്ചത്. തരൂരിനും ബിജെപി നേതാക്കൾക്കും അകമ്പടി സേവിക്കുന്നയാളാണ് വ്യവസായിയെന്നും ഹരി പറഞ്ഞു.