
നീതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല, മൈക്ക് ഓഫ് ചെയ്തുവെന്ന് പറഞ്ഞ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മമത ബാനർജി മനപൂർവ്വം കള്ളം മെനഞ്ഞെടുക്കുകയാണെന്നും, സംഭവം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം നൽകിയിരുന്നു. മമതയ്ക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ കാരണം കാത്തിരിക്കുന്നതിന് പകരം, സംസാരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടണമായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നതെങ്കിലും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് യോഗം സംഘടിപ്പിച്ചത്. ഏതെങ്കിലും മുഖ്യമന്ത്രിയ്ക്ക് അനുവദിച്ച സമയം കഴിയുമ്പോൾ രാജ്‌നാഥ് സിങ്ങ് മൈക്കിൽ തട്ടിയിരുന്നു. ഇത് എല്ലാ മുഖ്യമന്ത്രിമാർക്കുമായി ചെയ്തതാണ്. എന്നാൽ, മൈക്ക് ഓഫ് ചെയ്തെന്ന മമതയുടെ തെറ്റായ ആരോപണം ദൗർഭാഗ്യകരമാണ്. മമത യോഗത്തിൽ പങ്കെടുത്ത്, ബംഗാളിനെയും പ്രതിപക്ഷത്തെയും പ്രതിനിധാനം ചെയ്ത് സംസാരിച്ചതിൽ സന്തോഷമുണ്ടായിരുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
തനിക്ക് മുമ്പ് സംസാരിച്ചവര്‍ പത്തും ഇരുപതും മിനുട്ടും എടുത്തിരുന്നു. കൂടുതല്‍ സംസാരിക്കാനുണ്ടായിരുന്നെങ്കിലും തന്റെ മൈക്ക് ഓഫ് ചെയ്തു. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് മമത ബാനര്‍ജി ഉന്നയിച്ചത്. പ്രതിപക്ഷത്തു നിന്ന് യോഗത്തില്‍ പങ്കെടുക്കുന്നത് താന്‍ മാത്രമായിരുന്നു. എന്നിട്ട് പോലും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും, ഇത് അപമാനകരമാണെന്നും പറഞ്ഞാണ് മമത യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
READ MORE: മൈക്ക് ഓഫ് ചെയ്‌തെന്ന് മമത ബാനര്‍ജി; നീതി അയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
കേന്ദ്ര ബജറ്റിലെ അവഗണനയെ തുടര്‍ന്ന് നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തില്ല.