അമ്മ വീട്ടുജോലി ചെയ്യിപ്പിച്ചു, അടിച്ചു; വീട്ടിലേക്കില്ലെന്ന് അസം ബാലിക: കുട്ടിയുടെ താത്കാലിക സംരക്ഷണം സി.ഡബ്ല്യു.സിക്ക്

മാതാപിതാക്കൾക്ക് ഒപ്പം പോകാൻ താത്പര്യം ഇല്ല എന്ന കുട്ടിയുടെ തീരുമാനപ്രകാരം ആണ് നടപടി
അമ്മ വീട്ടുജോലി ചെയ്യിപ്പിച്ചു, അടിച്ചു; വീട്ടിലേക്കില്ലെന്ന് അസം ബാലിക: കുട്ടിയുടെ താത്കാലിക സംരക്ഷണം  സി.ഡബ്ല്യു.സിക്ക്
Published on


കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തത്കാലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ നിന്ന് പഠിക്കും. മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന കുട്ടിയുടെ തീരുമാനപ്രകാരം ആണ് നടപടി. കുട്ടിയുടെ പൂർണ സംരക്ഷണം സി.ഡബ്ല്യു.സി ഏറ്റെടുക്കും.

അമ്മ വീട്ടിൽ ജോലി ചെയ്യിപ്പിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ട്രെയിനിൽ ഒരാൾ ബിരിയാണി വാങ്ങി നൽകിയെന്നും പെൺകുട്ടി അധികൃതരെ അറിയിച്ചിരുന്നു. കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും, അതിനുശേഷം മാത്രമേ മാതാപിതാക്കൾക്ക് ഒപ്പം വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും സി.ഡബ്ല്യു.സി അറിയിച്ചു. കുടുംബത്തെ സഹായിക്കുമെന്നും സി.ഡബ്ല്യു.സി ഉറപ്പ് നൽകി.

അതിഥി തൊഴിലാളിയായ അൻവർ ഹുസൈനാണ് പെണ്‍കുട്ടിയുടെ പിതാവ്. പെൺകുട്ടി കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരിയുമായി വഴക്കിട്ടതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com