
ഭോപ്പാലിൽ കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം താമസസ്ഥലത്തെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെടുത്തു. ബലാത്സംഗ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണത്തിൽ നിന്നും ഇത് വ്യക്തമായെന്നും പൊലീസ് അറിയിച്ചു. കേസ് കൈകാര്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
മൂന്ന് ദിവസം മുൻപായിരുന്നു പെൺകുട്ടിയെ കാണാതായത്. ഡോഗ് സ്ക്വാഡുകൾക്കും ഡ്രോണുകൾക്കുമൊപ്പം അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള തെരച്ചിൽ നടത്തിയിരുന്നു. കെട്ടിടത്തിനുള്ളിലെ 1,000 ഫ്‌ളാറ്റുകളിൽ കുട്ടിയെ കണ്ടെത്താനുള്ള സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടും 72 മണിക്കൂറിന് ശേഷം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകശ്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് സത്യാവസ്ഥ പുറത്തുവരുമെന്നും മുതിർന്ന പൊലീസ് ഓഫീസർ ശാലിനി ദീക്ഷിത് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭോപ്പാലിൽ വ്യാപകമായ രോഷം ഉയർന്ന് വന്നിട്ടുണ്ട്.
പൊലീസിൻ്റെ അന്വേഷണത്തിൽ അപാകത ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി റോഡുകൾ ഉപരോധിച്ചു. കൃത്യമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. പെൺകുട്ടിയുടെ മരണം സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും തങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.