കാണാമറയത്ത് വിഷ്ണുജിത്ത്; ഫോണ്‍ അവസാനമായി ഓണ്‍ ആയത് ഊട്ടിയിൽ

വിവാഹ ദിവസത്തിന്റെ തലേന്നാണ് വിഷ്ണുജിത്തിനെ കാണാതായത്
കാണാമറയത്ത് വിഷ്ണുജിത്ത്; ഫോണ്‍ അവസാനമായി ഓണ്‍ ആയത് ഊട്ടിയിൽ
Published on

മലപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്തിനായുള്ള അന്വേഷണം ആറാം ദിവസവും തുടരുന്നു. ഊട്ടിയിലെ കൂനൂരില്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണായതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഇവിടെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സഹോദരി വിളിച്ചപ്പോള്‍ ആദ്യം ഫോണ്‍ എടുത്തത് സുഹൃത്ത് ശരത് ആണ്. പക്ഷേ, സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നു. പിന്നാലെ വീണ്ടും ഫോണ്‍ ഓഫായി. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസിന്റെ അന്വേഷണം.

വിവാഹ ദിവസത്തിന്റെ തലേന്നാണ് വിഷ്ണുജിത്തിനെ കാണാതായത്. പണത്തിന്റെ ആവശ്യവുമായി പാലക്കാടേക്ക് പോയ വിഷ്ണുജിത്ത് പിന്നെ മടങ്ങി വന്നിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിവാഹ ദിവസവും എത്താത്തതിനെ തുടര്‍ന്നാണ് കുടുംബം ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയത്. പാലക്കാടുള്ള സുഹൃത്തിന്റെ കയ്യില്‍ നിന്ന് ഒരു ലക്ഷം വാങ്ങി തിരികെ പോയതായാണ് അവസാനം ലഭിച്ച വിവരം.

സെപ്റ്റംബര്‍ 8 നായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹത്തിലെത്തിയത്. സെപ്റ്റംബര്‍ 4ന് രാത്രി 7.45 ഓടെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാലക്കാടു നിന്ന് കോയമ്പത്തൂര്‍ ബസിലേക്കാണ് യുവാവ് കയറിയത്. അന്ന് രാത്രി എട്ട് മണിയോടെ വിഷ്ണുജിത്ത് കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അന്ന് ബന്ധുവീട്ടില്‍ താമസിക്കുമെന്നും അടുത്തദിവസം മടങ്ങിവരാമെന്നുമാണ് പറഞ്ഞത്. ഇതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com