ജമാഅത്തെ ഇസ്ലാമി യുഡിഎഫിനോട് അടുക്കുന്നത് കാണുമ്പോൾ പിണറായി വാലിന് തീ പിടിച്ച് ഓടുന്നു: എം.കെ. മുനീർ

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെപ്പറ്റി ഉയരുന്ന വാർത്തകളിലും എം.കെ. മുനീർ പ്രതികരിച്ചു
എം.കെ. മുനീർ
എം.കെ. മുനീർ
Published on

ജമാഅത്തെ ഇസ്ലാമി- യുഡിഎഫ് ബന്ധത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ. ജമാഅത്തെ ഇസ്ലാമിക്ക് യുഡിഎഫുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്ന മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ അഭിപ്രായത്തോട് ചേർന്ന് നിന്നാണ് മുനീറും സംസാരിച്ചത്. എസ്ഡിപിഐ അല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനോട് അടുക്കുന്നത് കാണുമ്പോൾ പിണറായി വിജയൻ വാലിന് തീ പിടിച്ച പോലെ ഓടുന്നുവെന്ന് മുനീർ പറഞ്ഞു.

എൽഡിഎഫ് ജമാഅത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ നിന്നു മായില്ല. എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ചത് എൽഡിഎഫാണെന്നും എം.കെ.മുനീർ പറഞ്ഞു. രാജ്യത്ത് ഉള്ളവർക്കെല്ലാം അൽഷിമേഴ്സ് ബാധിച്ചിട്ടില്ലെന്നും മുനീർ കൂട്ടിച്ചേ‍ർത്തു.

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെപ്പറ്റി ഉയരുന്ന വാർത്തകളിലും എം.കെ. മുനീർ പ്രതികരിച്ചു. മുഖ്യമന്ത്രിയെ മുസ്ലീം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെ ഒരു കീഴ്‌വഴക്കം ലീഗിനില്ല. തെരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും മുഖ്യമന്ത്രിയെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ലയിതെന്നും മുനീർ പറഞ്ഞു.  മുന്നണി വിപുലീകരണത്തിന്‍റെ കാര്യത്തില്‍ നിലവിൽ ചർച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാർട്ടിയുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയാൽ ലീഗ് അത് നിർവഹിക്കും. ഒരുമിച്ച് ചായ കുടിക്കാൻ ഇരുന്നാലും നിഗൂഢ ചർച്ചകൾ നടന്നു എന്ന് വാർത്തകൾ വരുന്നു. മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ട് വരാൻ ലീഗിന് ഒറ്റയ്ക്ക് ആകില്ല. മുന്നണി കൂട്ടായി ഇരുന്നു ആലോചിക്കേണ്ട കാര്യമാണതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏതെങ്കിലും നേതാവിനെ പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല. ജാമിഅഃ നൂരിയ്യ പല നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് എം.കെ. മുനീർ പറഞ്ഞു. എസ്എൻഡിപി, എൻഎസ്എസ് പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിലും പങ്കെടുത്തിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ സ്ഥാപനമാണ് ജാമിഅഃ നൂരിയ്യ. എം.കെ. മുനീർ അധ്യക്ഷനായ ‘ഗരീബ് നവാസ്' എന്ന സെഷനിലാണ് രമേശ് ചെന്നിത്തല പങ്കെടുത്തത്.


ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ഇപ്പോൾ തുടങ്ങിയതല്ലെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിന്‍റെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് കാരണമായത്. ശിഹാബ് തങ്ങളുടെ കാലത്ത് രൂപീകരിച്ച മുസ്ലീം സൗഹൃദവേദി ഒന്നിച്ചുള്ള മുന്നേറ്റത്തിനുള്ള ശ്രമമായിരുന്നു.  അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് വോട്ട് ചെയ്യുന്നു. അത് നിഷേധിക്കേണ്ട കാര്യമില്ലെന്നുമാണ് പാണക്കാട് തങ്ങൾ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com