'സഖാവ്' പിണറായി വിജയന്‍ മൂത്ത സഹോദരന്‍; ഡിഎംകെ കൊടിയുടെ പാതി നിറം ചുവപ്പ്: എം.കെ സ്റ്റാലിന്‍

വഖഫ് ബില്‍ പാസാക്കിയതിനെയും സ്റ്റാലിന്‍ വിമര്‍ശിച്ചു. പാതിരാത്രി വഖഫ് ബില്‍ എതിര്‍പ്പുകള്‍ മറികടന്ന് പാസാക്കി. ബില്ല് മുസ്ലീം വിരുദ്ധമാണെന്നും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞ അദ്ദേഹം ബില്ല് പാസാക്കാന്‍ രാത്രിയില്‍ കാണിച്ച വ്യഗ്രത മതേതരത്തിന് ഭീഷണിയാണെന്നും പറഞ്ഞു
'സഖാവ്' പിണറായി വിജയന്‍ മൂത്ത സഹോദരന്‍; ഡിഎംകെ കൊടിയുടെ പാതി നിറം ചുവപ്പ്: എം.കെ സ്റ്റാലിന്‍
Published on

മധുരയില്‍ നടക്കുന്ന സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് കരട് രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രാഷ്ട്രീയ പ്രമേയത്തില്‍ 3424 ഭേദഗതികളും 84 നിര്‍ദേശങ്ങളും ഉണ്ടായി. കേരളത്തില്‍ മാത്രം ഭരണത്തിലുള്ള, നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം അത്യാവശ്യം ജനകീയ അടിത്തറയുള്ള ആ പാര്‍ട്ടിയുടെ നയരൂപീകരണ പ്രക്രിയയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.

കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ തുടരുകയാണ്. 75 വയസായി പ്രായപരിധി നിജപ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചില സംസ്ഥാന ഘടകങ്ങള്‍ ഉയര്‍ത്തിയത്. കേരള ഘടകത്തിലെ ചില അംഗങ്ങളും പ്രായപരിധി നിബന്ധന കര്‍ശനമാക്കുന്നതിനെ എതിര്‍ത്തു. ഇന്ന് ഫെഡറലിസവുമായി ബന്ധപ്പെട്ട സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുത്തു. സമ്മേളന നഗരിയില്‍ സീതാറാം യെച്ചൂരിയുടെ പേര് കണ്ടപ്പോള്‍ നെഞ്ച് പിടഞ്ഞുവെന്ന് സ്റ്റാലിന്‍ പറഞ്ഞത് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ ആര്‍ദ്രമായ നിമിഷമായി.

കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ഡോ എം.സി.സുധാകറും വേദിയിലുണ്ടായിരുന്നു. കേന്ദ്രത്തിന്റെ ഫാഷിസ്റ്റ് നിലപാടിനെ ഒന്നിച്ച് ചോദ്യം ചെയ്യണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമായും നാല് സംസ്ഥാനങ്ങളില്‍ മാത്രം ജനകീയ അടിത്തറ ശേഷിക്കുന്നു എന്നതടക്കമുള്ള സ്വയം വിമര്‍ശനങ്ങളിന്മേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നാളെ നടക്കും.

പിണറായി വിജയനെ മൂത്ത സഹോദരന്‍ എന്ന് അഭിസംബോധന ചെയ്താണ് സ്റ്റാലിന്‍ പ്രസംഗം തുടങ്ങിയത്. തന്നെ സഹോദരന്‍ എന്ന് വിളിച്ച പിണറായി വിജയനെ സഖാവ് എന്നും സ്റ്റാലിന്‍ അഭിസംബോധന ചെയ്തു. സീതാറാം യെച്ചൂരിയെ ഇന്ത്യയുടെ പോരാളിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

കാറല്‍ മാര്‍ക്‌സിന്റെ പ്രതിമ ചെന്നൈയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് വന്ന തന്റെ പേര് എം.കെ സ്റ്റാലിന്‍ എന്നാണ്. ഡിഎംകെയുടെ കൊടിയുടെ പാതി നിറം ചുവപ്പാണ്. മധുരയെ ഉറങ്ങാത്ത നഗരമെന്നാണ് പറയാറ്. എന്നാല്‍ അതിന് ചുവപ്പ് നിറം കൂടി ഉണ്ട്. ഡിഎംകെയുടെ കൊടിയില്‍ കറുപ്പിനൊപ്പം പാതി നിറവും ചുവപ്പാണ്. കരുണാനിധി സ്വയം കമ്മ്യൂണിസ്റ്റായാണ് കണ്ടിരുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആരെയാണ് എതിര്‍ക്കുന്നത് ഡിഎംകെ സഖ്യത്തിന് കൃത്യമായ ബോധ്യമുണ്ട്.

ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും സ്റ്റാലിന്‍ നടത്തി. മണ്ഡല പുനര്‍നിര്‍ണയം പല സംസ്ഥാനങ്ങളുടേയും പ്രാതിനിധ്യം കുറയ്ക്കും. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമം ശക്തമാണ്. ഏകാധിപത്യം സ്വഭാവം പ്രകടിപ്പിക്കുന്ന സര്‍ക്കാരിനെതിരെ പോരാടണം.

ജിഎസ്ടി നടപ്പിലാക്കിയതോടെ, സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടായി. ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാര്‍ഗമായി കാണുന്നു.

ഒരു നാട്, ഒരു ഭാഷ, ഒരു വിശ്വാസം എന്നിങ്ങനെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആ ഫാസിസ്റ്റ് നിലപാടിനെ നാം ചോദ്യം ചെയ്യണം. ഈ പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കണം. സിപിഐഎം ആ പോരാട്ടം നടത്തുകയാണ്. ഞങ്ങളും അത് ചെയ്യുന്നു.

കേന്ദ്രസര്‍ക്കാരിനെ ഏറ്റവും അധികം എതിര്‍ക്കുന്നത് താനും പിണറായി വിജയനുമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യ സഖ്യം ഒന്നിച്ച് പോകുന്നതില്‍ ബിജെപിക്ക് അലര്‍ജിയുണ്ട്. കേന്ദ്രത്തില്‍ ഭരണമാറ്റം വേണം. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശം വേണമെന്ന് മുഖ്യമന്ത്രിയായിരിക്കെ മോദി ആവശ്യപെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഇതിനായി എന്തു ചെയ്തുവെന്നും ചോദിച്ചു.

വഖഫ് ബില്‍ പാസാക്കിയതിനെയും സ്റ്റാലിന്‍ വിമര്‍ശിച്ചു. പാതിരാത്രി വഖഫ് ബില്‍ എതിര്‍പ്പുകള്‍ മറികടന്ന് പാസാക്കി. ബില്ല് മുസ്ലീം വിരുദ്ധമാണെന്നും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞ അദ്ദേഹം ബില്ല് പാസാക്കാന്‍ രാത്രിയില്‍ കാണിച്ച വ്യഗ്രത മതേതരത്തിന് ഭീഷണിയാണെന്നും പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com