“ലിന്റോ ചേട്ടായി വരും”; കുട്ടികള്‍ വിളിച്ചു, 'കല്ലുരുട്ടി ലുലു മാൾ' ഉദ്ഘാടനം ചെയ്ത് എംഎൽഎ

അവധിക്കാലം ഒരല്പം കളർഫുൾ ആക്കാൻ വേണ്ടിയാണ് കല്ലുരുട്ടിയിലെ കുട്ടിക്കൂട്ടം ഒരു ചെറിയ കട തുടങ്ങാൻ തീരുമാനിച്ചത്
“ലിന്റോ ചേട്ടായി വരും”; കുട്ടികള്‍ വിളിച്ചു, 'കല്ലുരുട്ടി ലുലു മാൾ' ഉദ്ഘാടനം ചെയ്ത് എംഎൽഎ
Published on

അവധിക്കാലത്തെ ആഘോഷങ്ങൾക്കിടയിൽ ഒരല്‍പ്പം പ്രൊഡക്റ്റീവ് ആക്കുന്നതിനായി കുട്ടികൾ ചെറിയ കടകൾ നിർമ്മിക്കാറില്ലേ? അത്തരത്തിൽ നിർമിച്ച ഒരു കട ഉദ്ഘാടനം ചെയ്യാൻ സ്ഥലം എംഎൽഎ തന്നെ നേരിട്ട് എത്തിയാലോ? തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫാണ് കല്ലുരുട്ടിയിലെ പുഞ്ചാരത്ത്, കുട്ടിക്കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്.

അവധിക്കാലം ഒരല്‍പ്പം കളർഫുൾ ആക്കാൻ വേണ്ടിയാണ് കല്ലുരുട്ടിയിലെ കുട്ടിക്കൂട്ടം ഒരു ചെറിയ കട തുടങ്ങാൻ തീരുമാനിച്ചത്. പട്ടികയും, സാരിയും, പുതപ്പും ഒക്കെ ഉപയോഗിച്ചായിരുന്നു കടയുടെ നിർമാണം. കടയിലേക്ക് ആവശ്യമായ മിഠായികളും, പലഹാരങ്ങളും ഒക്കെ വാങ്ങി. ഉദ്ഘാടനം അത്യാവശ്യം അടിപൊളിയായി നടത്തിയാൽ മാത്രമല്ലെ നാലാള് അറിയൂ, കച്ചവടം കിട്ടൂ.... ആര് ഉദ്ഘാടനം ചെയ്യും എന്ന ആലോചന വന്നപ്പോഴാണ് ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ഒരു സെലിബ്രിറ്റി നമുക്കുണ്ടല്ലോ എന്ന് കുട്ടികൾക്ക് ഓർമ വന്നത്. പിന്നെ ഒന്നും നോക്കിയില്ല. വായനശാലക്കാരും കുട്ടികളും ചേർന്ന് എംഎൽഎയെ വിളിച്ചു. കുട്ടിക്കൂട്ടത്തിൻ്റെ വിളി വരുമ്പോൾ എംഎൽഎ തിരുവനന്തപുരത്തായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്നും രാവിലെ തന്നെ വന്ന് ഉദ്ഘാടനം ചെയ്ത് തരുമെന്നും എംഎൽഎ അവർക്ക് ഉറപ്പുനൽകി.



ഉദ്ഘാടനത്തിനായി എംഎൽഎ എത്തുമ്പോഴേക്കും തങ്ങളുടെ കുട്ടി സംരംഭം എല്ലാവരും ചേർന്ന് അലങ്കരിച്ചിരുന്നു. രാവിലെ ചുറ്റുവട്ടത്തുള്ള വീടൊക്കെ കയറി ഉദ്ഘാടനത്തിനു ക്ഷണിച്ചു. “ലിന്റോ ചേട്ടായി വരും” ക്ഷണിക്കുന്നവരോടുള്ള ഡയലോഗിൽ അതായിരുന്നു‌ മെയിൻ പോയിന്റ്. അങ്ങനെ പറഞ്ഞതുപോലെ തന്നെ രാവിലെ എംഎൽഎ വന്നു. കുട്ടിക്കൂട്ടത്തിന്റെ കല്ലുരുട്ടി ലുലു മാൾ എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

Also Read: പി.വി. അൻവറിനെ ഒപ്പം കൂട്ടാന്‍ UDF; സഹകരണം എങ്ങനെയെന്ന് വി.ഡി. സതീശന്‍ തീരുമാനിക്കും

എക്കാലത്തേക്കും ഓർത്തിരിക്കാനും, അവധിയൊക്കെ കഴിഞ്ഞു സ്കൂളിൽ പോകുമ്പോൾ ഗമയോടെ പറയാനും, നാട്ടിൽ എംഎൽഎയുടെ സ്വന്തം ആളുകളാവാനും അവർക്കൊരു നല്ല മുഹൂർത്തം സമ്മാനിച്ച്, ആദ്യ വിൽപ്പനയും നടത്തി എംഎൽഎ മടങ്ങി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com