
കോഴിക്കോട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ലിന്റോ ജോസഫ് എം.എൽഎ. മലയോരവാസികൾക്ക് ആശങ്കയുണ്ടെന്ന തരത്തിലാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ തുരങ്ക പാത വരണം എന്ന് ആഗ്രഹിക്കുന്നവരാണ് മലയോര ജനത. സർക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ ഒരേ അഭിപ്രായം തന്നെയാണെന്നും ലിന്റോ ജോസഫ് പറഞ്ഞു. ന്യൂസ് മലയാളത്തോട് പ്രതികരിക്കവെയായിരുന്നു ലിൻ്റോ ജോസഫ്.
വയനാട് ചുരത്തിലെ മണിക്കൂറുകളോളം നീണ്ട യാത്രാ ക്ലേശത്തിനുള്ള പരിഹാരമാണ് ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ചുരം കയറാതെ വയനാട്ടിൽ വേഗത്തിൽ എത്തുക എന്ന ലക്ഷ്യമിട്ടാണ് പാത നിർമിക്കുന്നത്. തുരങ്കപാത എത്രയും പെട്ടന്ന് യാഥാർഥ്യമാകണമെന്ന അഭിപ്രായം തന്നെയാണ് മലയോരവാസികൾക്കും, പ്രതിപക്ഷത്തിനുമുള്ളത്. എന്നാൽ തുരങ്കപാതയ്ക്കായി തെരഞ്ഞെടുത്ത സ്ഥലം മറ്റൊരു ദുരന്തം ക്ഷണിച്ച് വരുത്തുമെന്ന പ്രചരണമാണ് വ്യാപകമായി നടക്കുന്നത്. തുരങ്കപാത വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് ലിൻ്റോ ജോസഫ് എംഎൽഎ പറഞ്ഞു.
ALSO READ: കനത്ത മഴ പെയ്താൽ വീടുകളിൽ വെള്ളം കയറും; പാലക്കാട് മൂതിക്കയം റഗുലേറ്ററിൻ്റെ ഉയരം കൂട്ടണമെന്ന് നാട്ടുകാർ
തുരങ്കപ്പാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ നിരന്തര പ്രതിഷേധങ്ങൾ വകവെയ്ക്കാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.