
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു. എം.എം. ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറരുതെന്നും, അനാട്ടമിക് ആക്റ്റ് പ്രകാരം മെഡിക്കൽ കോളേജ് തീരുമാനമെടുക്കുമെന്നും മകൾ ആശ ലോറൻസ് നൽകിയ ഹർജി പ്രകാരം കോടതി നിർദേശിച്ചത് പ്രകാരമാണ് മെഡിക്കൽ കോളേജിലെത്തിച്ചത്.
മെഡിക്കൽ കോളേജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിക്കാനും നിർദേശിച്ചു.
ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരത്തിന് പൊലീസ് സംരക്ഷണം വേണമെന്നും മകൾ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
അതേസമയം, മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. മകൾ ആശ ശവമഞ്ചത്തെ പുണർന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. തടയാനെത്തിയ കൊച്ചുമകനെയും ബന്ധുക്കൾ ചേർന്നു പിടിച്ചുമാറ്റി.