
അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന മകൾ ആശാ ലോറൻസ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളി. എം.എം. ലോറന്‍സിന്‍റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ ഇതോടെ നീങ്ങി.
കോടതി നേരത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നിർദേശിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആശ ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പിതാവിന്‍റെ താൽപ്പര്യപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് മകന്‍ എം.എം. സജീവന്‍ കോടതിയെ അറിയിച്ചു. അതേസമയം, പിതാവ് ഇത്തരത്തിലൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലായെന്നായിരുന്നു ആശയുടെ വാദം. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയതെന്ന് മറ്റൊരു മകളായ സുജാതയും കോടതിയെ അറിയിച്ചിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പില്‍ സജീവന്‍ അടക്കമുള്ള സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ല എന്ന് കണ്ടെത്തിയാണ് ആശയുടെ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്.
എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകള്‍ ആശ ശവമഞ്ചത്തെ പുണര്‍ന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. ആശയെയും മകനേയും ബന്ധുക്കള്‍ ചേര്‍ത്ത് പിടിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നില്‍ ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലര്‍ ആണെന്നാണ് എം.എം. ലോറന്‍സിന്‍റെ മകന്‍ എം.എല്‍. സജീവ് ആരോപിച്ചിരുന്നു.
സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം.എം. ലോറൻസിന്‍റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. 1946ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ലോറന്‍സ് സിപിഎം രൂപീകരണത്തിനു ശേഷം എറണാകുളം ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ചു.
1950 ഫെബ്രുവരി 28ന് ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥയിലുൾപ്പെടെ പലപ്പോഴായി ആറുവർഷമാണ് എം.എം. ലോറന്‍സ് ജയിൽവാസം അനുഭവിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം മണ്ഡലം സെക്രട്ടറി, 1968 മുതൽ 1977വരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി, 1978 മുതൽ 1998വരെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊച്ചി കോർപ്പറേഷൻ രൂപീകരിച്ച 1969 മുതൽ 1979വരെ കൗൺസിലറായിരുന്നു. 1987മുതൽ 1998വരെ എൽഡിഎഫ് കൺവീനറായിരുന്ന ലോറന്‍സ് 1980ൽ ഇടുക്കിയിൽനിന്ന് ലോക്‌സഭാംഗമായി.