
സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം പഠനാവശ്യത്തനായി ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജിന്‍റെ തീരുമാനം ചോദ്യം ചെയ്താണ് ഹർജി.
ഇക്കാര്യത്തിൽ ലോറൻസിന്‍റെ മൂന്ന് മക്കളുടെയും അഭിപ്രായം കേട്ട് തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മൃതദേഹം മാറ്റി.മൂന്ന് മക്കളേയും കേട്ട് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ പ്രിൻസിപ്പൽ രൂപീകരിച്ച സമിതി തീരുമാനിക്കുകയായിരുന്നു. ഇതിനെ എതിർത്താണ് ഹർജിക്കാരി രംഗത്തെത്തിയിരുക്കുന്നത്.
Also Read: ലോറൻസിൻ്റെ ഭൗതികശരീരം മെഡിക്കൽ കോളേജിലെത്തിച്ചു; മൃതദേഹം കൈമാറുന്നതിനിടെ നാടകീയരംഗങ്ങൾ
മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകള്‍ ആശ ശവമഞ്ചത്തെ പുണര്‍ന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. ആശയെയും മകനേയും ബന്ധുക്കള്‍ ചേര്‍ന്നു പിടിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നില്‍ ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലര്‍ ആണെന്നാണ് എംഎം ലോറന്‍സിന്‍റെ മകന്‍ എംഎല്‍ സജീവിന്‍റെ ആരോപണം.
തൊണ്ണൂറ്റിയഞ്ചാം വയസ്സിലായിരുന്നു എം.എം. ലോറൻസിൻ്റെ വിടവാങ്ങൽ. സെപ്റ്റംബർ 21ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം,എംപി, എല്‍എഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.