
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സമൂഹമാധ്യമത്തിലൂടെ പരിഹസിച്ച മാധ്യമ പ്രവർത്തകയ്ക്ക് നാലര ലക്ഷം രൂപ (5,000 യൂറോ)പിഴ ചുമത്തി മിലാൻ കോടതി. മെലോണിയുടെ ഉയരവുമായി ബന്ധപ്പെട്ട് 2021 ഒക്‌ടോബറിൽ എക്‌സിൽ പോസ്റ്റ് ചെയ്ത അപകീർത്തികരമായ പരാമർശത്തിനാണ് മാധ്യമ പ്രവർത്തക ജിയൂലിയ കോർട്ടെസിക്ക് പിഴ ചുമത്തിയത്.
വർഷങ്ങൾക്ക് മുൻപ് പ്രതിപക്ഷ സ്ഥാനത്തുണ്ടായിരുന്ന മെലോണിയെ ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസ്സോളിനിയുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് കോർട്ടെസ് പങ്കുവെച്ചിരുന്നു. എക്സ് പോസ്റ്റിന് പിന്നാലെ മെലോണിയും മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലും ഏറ്റുമുട്ടി. ശേഷമാണ് മെലോണി ഇവർക്കെതിരെ നിയമപരമായി പോരാട്ടത്തിനിറങ്ങിയത്.
"വെറും 1.2 മീറ്റർ ഉയരമുള്ള നിങ്ങൾ എന്നെ ഭയപ്പെടുത്തുന്നില്ല ജോർജിയ മെലോണി, എനിക്ക് നിങ്ങളെ കാണാൻ പോലും സാധിക്കുന്നില്ല."
സാമൂഹമാധ്യമത്തിലെ ഏറ്റുമുട്ടലിനിടെ നടത്തിയ ഈ പ്രസ്താവനയാണ് ജിയൂലിയ കോർട്ടെസിയെ കുടുക്കിയത്.
ശിക്ഷയ്‌ക്കെതിരെ കോർട്ടെസിന് അപ്പീൽ നൽകാമെന്ന് മെലോണിയുടെ അഭിഭാഷകൻ പറയുന്നു. കേസിൽ വിജയിച്ചാൽ നഷ്ടപരിഹാരമായി ലഭിക്കുന്ന പണം ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് മെലോണി വ്യക്തമാക്കി.
അതേസമയം മാധ്യമ പ്രവർത്തകർക്കെതിരായ കേസുകളുടെ എണ്ണം ഉയർന്നതോടെ 2024-ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇറ്റലി 46ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മാധ്യമ പ്രവർത്തകരെ കോടതിയിൽ കയറ്റുന്നത് മെലോണിക്ക് പുതിയ കാര്യമല്ല. 2021-ൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ മെലോണിയുടെ കടുത്ത നിലപാടുകളെ ചോദ്യം ചെയ്ത എഴുത്തുകാരൻ റോബർട്ടോ സാവിയാനോയ്ക്ക് റോം കോടതി 1,000 യൂറോ പിഴ ചുമത്തിയിരുന്നു. ഇറ്റാലിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ RAI-യിലെ മാധ്യമ പ്രവർത്തകർ മെലോണിയുടെ ഗവൺമെൻ്റിൻ്റെ ശ്വാസംമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് മെയ് മാസത്തിൽ പണിമുടക്കിയിരുന്നു.